ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; മൊഴികൾ വിശദമായി പരിശോധിക്കും

'ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിനുവേണ്ടിയാണെ'ന്നാണ് ഷൈൻ മൊഴി നൽകിയിരിക്കുന്നത്

dot image

കൊച്ചി: ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായി നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോ​ഗത്തിനും ​ഗൂഢാലോചന നടത്താനുമാണെന്നാണ് എഫ്ഐആറിൽ ഉള്ളത്. ലഹരി ഉപയോ​ഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോ​ഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പൊലീസിൻ്റെ തുടർനീക്കം. ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഷൈൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കും. ലഹരി സംഘങ്ങളുമായുള്ള ഇടപാടുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ലഹരി ഇടപാടുകാരൻ സജീറിനായുള്ള അന്വേഷണവും പൊലീസ് ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്. സജീറുമായുള്ള സാമ്പത്തിക ഇടപാട് ഷൈന് കുരുക്കായിട്ടുണ്ട്.

'ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിനുവേണ്ടിയാണെ'ന്നാണ് ഷൈൻ മൊഴി നൽകിയിരിക്കുന്നത്. ആരെയും ലഹരി ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞിരുന്നു. ഷൈൻ്റെയും കേസിലെ രണ്ടാം പ്രതിയായ അഹമദ് മുർഷാദിൻ്റെയും ഫോണുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഷൈൻ നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈൻ താമസിച്ചിരുന്ന ​ഹോട്ടലുകളിൽ നടനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ലഹരിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയിച്ചിരുന്നു. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് ഷൈനെ വിട്ടയച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഷൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എൻഡിപിഎസ് നിയമത്തിലെ 27-ബി(ലഹരി ഉപയോഗം), 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), എൻഎസ് നിയമത്തിലെ 238(തെളിവ് നശിപ്പിക്കൽ) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ലഹരിക്കേസിൽ ഒന്നാംപ്രതിയാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷിദാണ് രണ്ടാംപ്രതി. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് താൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈൻ ഷൈനിന്റെ വാട്ട്‌സാപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾപേ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Content Highlights: Police investigation focusing on Shine Tom Chacko's bank accounts

dot image
To advertise here,contact us
dot image