
കൊച്ചി: സിപിഐഎം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്നു.
മേയർ എം അനിൽകുമാർ, സിഐടിയു ജില്ലാ പ്രസിഡണ്ട് ജോൺ ഫെർണാണ്ടസ്, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ എന്നിവരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. എന്നാൽ യുവാവായ എസ് സതീഷിനെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, സി എൻ മോഹനൻ എന്നിവരും എസ് സതീഷിനെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത്.
കോതമംഗലം സ്വദേശിയായ എസ് സതീഷ് നിലവിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനാണ്.
Content Highlights: S Satheesh CPIM Ernakulam District Secretary