
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ. അർജൻറീനയിൽ ജനിച്ചു വളർന്ന മാർപാപ്പയെ സമഭാവനയുടെ ഇടതുപക്ഷ ആശയങ്ങൾ സ്വാധീനിച്ചിരുന്നുവെന്ന് വിവിധ ഘട്ടങ്ങളിൽ മനസ്സിലായിട്ടുണ്ടെന്ന് കെ കെ ശൈലജ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പാവങ്ങളുടെ ഇടയൻ എന്ന പേര് അന്വർത്ഥമാക്കിയ ഫ്രാൻസിസ് മാർപാപ്പ വിടപറഞ്ഞു. യേശുവിൻറെ ത്യാഗവും സമഭാവനയും പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞ പാപ്പയായിരുന്നു അദ്ദേഹം.അർജൻറീനയിൽ ജനിച്ചു വളർന്ന അദ്ദേഹത്തെ സമഭാവനയുടെ ഇടതുപക്ഷ ആശയങ്ങൾ സ്വാധീനിച്ചിരുന്നുവെന്ന് വിവിധ ഘട്ടങ്ങളിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാപ്പ എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോൾ നല്ലത് ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് എന്നാണ് വിളിക്കുന്നതെങ്കിൽ അതിൽ എനിക്ക് പ്രതിഷേധമില്ല എന്നാണ് മാർപ്പാപ്പ പറഞ്ഞതെന്ന് കെ കെ ശൈലജയുടെ പോസ്റ്റിൽ പറയുന്നു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പാവങ്ങളുടെ ഇടയൻ എന്ന പേര് അന്വർത്ഥമാക്കിയ ഫ്രാൻസിസ് മാർപാപ്പ വിടപറഞ്ഞു. യേശുവിൻറെ ത്യാഗവും സമഭാവനയും പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞ പാപ്പയായിരുന്നു അദ്ദേഹം.
അർജൻറീനയിൽ ജനിച്ചു വളർന്ന അദ്ദേഹത്തെ സമഭാവനയുടെ ഇടതുപക്ഷ ആശയങ്ങൾ സ്വാധീനിച്ചിരുന്നുവെന്ന് വിവിധ ഘട്ടങ്ങളിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാപ്പ എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോൾ നല്ലത് ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് എന്നാണ് വിളിക്കുന്നതെങ്കിൽ അതിൽ എനിക്ക് പ്രതിഷേധമില്ല എന്നാണ് മാർപ്പാപ്പ പറഞ്ഞത്.
സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണമെന്ന മനോഭാവം മാത്രമല്ല അത് പ്രായോഗികമാക്കാനുള്ള നിരവധി നടപടികളും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് സ്വീകരിച്ചിട്ടുണ്ട്. അസീസിയയിൽ നിന്നുള്ള ഫ്രാൻസിസ് പുണ്യാളന്റെ പേര് സ്വീകരിക്കുക വഴി തന്റെ കൂറ് ഭൂമിയിൽ കഷ്ടപ്പെടുന്നവരോടായിരിക്കുമെന്ന് ഒന്നുകൂടി ഉറപ്പിച്ച് പ്രഖ്യാപിക്കാൻ മാർപാപ്പ ആഗ്രഹിച്ചു.
കോവിഡ് കാലത്ത് മരുന്നും വാക്സിനും എല്ലാം ദരിദ്ര രാജ്യങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും അവ ആ രീതിയിൽ വിതരണം ചെയ്യപ്പെടണമെന്നുമുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. കോവിഡാനന്തരകാലത്ത് സമൂഹത്തിൽ കൂടുതലായി വന്ന കഷ്ടതകളെ കാണണമെന്ന് ഭരണാധികാരികളെ അദ്ദേഹം ഓർമിപ്പിച്ചു.
ലോകത്ത് യുദ്ധങ്ങൾ ഉണ്ടാകരുതെന്നും പരസ്പര സ്നേഹവും സൗഹാർദവുമാണ് പുലരേണ്ടതെന്നും അദ്ദേഹം ലോക രാഷ്ട്രങ്ങളെ ഓർമിപ്പിച്ചു. എല്ലാ അർത്ഥത്തിലും നല്ല ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിൻറെ വേർപാട് ഭൂമിയിൽ എല്ലാ മനുഷ്യർക്കും വേദനയാണ്. മനുഷ്യസ്നേഹിയായ നല്ല ഇടയന് ആദരാഞ്ജലികൾ..
Content Highlights- 'The Pope's egalitarianism was influenced by leftist ideas, and many people called him the communist Pope at the time'