
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ വാർത്ത ഞെട്ടലുളവാക്കിയെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ അനുകരിക്കാവുന്നതാണെന്നും ലോക ജനതയ്ക്ക് വലിയ സന്ദേശം നൽകിയ വ്യക്തിയാണെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചതും മറ്റൊരു സന്ദേശമാണ്. പേരു കൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു.
ചർച്ച് എന്ന സ്ഥാപനം നവീകരിക്കപ്പെടേണ്ടതാണെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. പുതുതായി വരുന്ന പാപ്പ അതു തുടരുമെന്നുള്ള കാര്യത്തിൽ സംശയമില്ല. ലോകരാജ്യങ്ങളുടെ അവസ്ഥകൾ അദ്ദേഹത്തിന് അറിയാമായിരുന്നു. കുടിയേറ്റ ജനതയേയും ദരിദ്രരെയും ചേർത്തുപിടിച്ചു. ജയിൽ സന്ദർശിച്ച് പ്രതികളെ സന്ദർശിച്ചതും മറ്റൊരു സന്ദേശമാണ്. വളരെ ആദരവോടെയാണ് ആ ധന്യമായ ജീവിതത്തെ കാണുന്നത്. വേദനിക്കുന്ന ജനതയുടെ ശബ്ദമായി മാർപാപ്പ മാറിയെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കൂട്ടിച്ചേർത്തു.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാർപാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
Content Highlights: thomas j netto condoles the death of the pope francis