
കോട്ടയം: പേരൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി മരിച്ച ജിസ്‌മോളുടെ പിതാവ്. ധൈര്യശാലിയായ പെണ്‍കുട്ടിയായിരുന്നു മകളെന്നും പ്രശ്‌നങ്ങളുണ്ടാക്കിയത് ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയുടെ മാതാവും സഹോദരിയുമാണെന്ന് പിതാവ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രശ്‌നമാണ്. ജിസ്‌മോള്‍ക്ക് നിറമില്ലെന്നും അവളേക്കാള്‍ നല്ല പെണ്‍കുട്ടിയെ ജിമ്മിക്ക് കിട്ടുമെന്നും പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നെന്നും മകള്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ഗ്യാസില്‍ വെളളം ചൂടാക്കിയെന്ന് പറഞ്ഞ് സഹോദരിയും അമ്മയും പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് ജിമ്മി അവളെ മര്‍ദ്ദിച്ചുവെന്നും ജിസ്‌മോളുടെ പിതാവ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.
'ജിസ്‌മോള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രശ്‌നമാണ്. തിരിച്ചുവിളിക്കാന്‍ പോയപ്പോള്‍ ഞാനൊരു അഭിഭാഷകയാണ്, അപ്പന്‍ പേടിക്കേണ്ട ഞാന്‍ ആത്മഹത്യയൊന്നും ചെയ്യില്ലെന്ന് മകള്‍ പറഞ്ഞതാണ്. ജിമ്മിക്ക് രണ്ട് സഹോദരിമാരുണ്ട്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞതാണ്. എന്നാല്‍ മൂത്ത സഹോദരി വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് വിവാഹം കഴിഞ്ഞാണ് അറിഞ്ഞത്. ആ പെങ്ങളും ജിമ്മിയുടെ മാതാവുമാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നത്. അവരുടെ വാക്കുകേട്ട് ജിമ്മി ജിസ്‌മോളെ മര്‍ദിക്കും. മകള്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ഗ്യാസില്‍ വെളളം ചൂടാക്കിയെന്ന് പറഞ്ഞ് പെങ്ങളും അമ്മയും പ്രശ്‌നമുണ്ടാക്കി. ജിമ്മി അവളെ മര്‍ദ്ദിച്ചു. വിവാഹം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മയും പെങ്ങളും ജിസ്‌മോള്‍ക്ക് നിറമില്ലെന്നും ഇതിലും നല്ലൊരാളെ ജിമ്മിക്ക് കിട്ടുമെന്നും പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു. അവളത് കാര്യമാക്കിയില്ല. വിവാഹസമയത്ത് 25 പവനും 3 ലക്ഷം രൂപയും കൊടുത്തിരുന്നു. നാത്തൂന് 15 ലക്ഷം സ്ത്രീധനം കൊടുത്താണ് കെട്ടിച്ചതെന്ന് പറഞ്ഞും അധിക്ഷേപിക്കുമായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് മര്‍ദിച്ചത് ചോദ്യംചെയ്തപ്പോള്‍ കല്യാണം കഴിച്ചെന്ന് കരുതി അമ്മയെയും പെങ്ങളെയും ഉപേക്ഷിക്കാന്‍ പറ്റുമോ എന്നാണ് എന്നോട് ചോദിച്ചത്. അന്ന് കരഞ്ഞുപറഞ്ഞു അവളെ തിരിച്ചുകൊണ്ടുപോകരുതെന്ന്. ഈ പെങ്ങള്‍ യുകെയ്ക്ക് പോയി തിരികെ വന്നപ്പോള്‍ മുതല്‍ വീണ്ടും പ്രശ്‌നം തുടങ്ങി'-ജിസ്‌മോളുടെ പിതാവ് പറഞ്ഞു. താന്‍ നീതിപീഠത്തില്‍ വിശ്വസിക്കുന്നയാളാണെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: kottayam jismol father allegation against jimmys mother and sister