
തിരുവനന്തപുരം: കുന്നത്തുകാൽ ത്രേസ്യാപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീർ വിധിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ അരുൺ നിവാസിൽ അരുൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുന്നത്തുകാലിൽ പുത്തൻ വീട്ടിൽ ശാഖാ കുമാരിയെയാണ് ഭർത്താവ് സ്വത്തിന് വേണ്ടി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്.
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബർ മാസം 26 ന് പുലർച്ചെ 1.30 നായിരുന്നു അതിക്രൂരമായ കൊലപാതകം പ്രതി നടത്തിയത്. പുലർച്ചെ ഒന്നരയോടെ ശാഖയുടെ ശരീരത്തിൽ ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി.
വിവാഹം വേണ്ട എന്നുള്ള തീരുമാനത്തിൽ ജീവിച്ചിരുന്ന ശാഖ കുമാരി ചെറുപ്പക്കാരനായ അരുണിനെ കണ്ട് മുട്ടിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ കാര്യങ്ങൾ വിവാഹത്തിലേക്ക് നീങ്ങി. അരുൺ ഒരു ഇലക്ട്രീഷ്യനായിരുന്നു. എന്നാൽ അളവറ്റ തന്റെ സ്വത്തുക്കൾക്ക് അവകാശിയായി ഒരു കുഞ്ഞിനെ വേണം എന്ന് ശാഖയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ യുവതി വിവാഹം കഴിച്ചത്. എന്നാൽ വിവാഹം പൂർണമായി രഹസ്യമാക്കിവെക്കാനായിരുന്നു അരുണിന്റെ തീരുമാനം. വിവാഹത്തിന് മുമ്പേ തന്നെ അരുണ്‍ പണം വാങ്ങിയതിനൊപ്പം കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോന്നു.
അതേസമയം കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭർത്താവെന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുൺ ലക്ഷ്യമിട്ടിരുന്നത്.
Content Highlights:Court finds 28-year-old husband guilty in 52-year-old wife's murder case in Thiruvananthapuram