
തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്. കാനത്തിന്റെ മകന്‍ സന്ദീപിനോട് ഖേദം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി കാനം രാജേന്ദ്രന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാനം രാജേന്ദ്രന്റെ കുടുംബത്തെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് അഭിപ്രായ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചത്.
സ: കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അദ്ദേഹത്തിന് കുടുംബവും, കുടുംബാംഗങ്ങളുമുണ്ട്. മറക്കരുത് പിന്നിട്ട വഴികള്‍( ഇന്നലെ സിപിഐ തിരുവനന്തപുരകത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ച് വേദിയില്‍ ആദരിച്ചു. പക്ഷെ സ: കാനത്തിന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചില്ല. ആദരിച്ചില്ല. ആ വാര്‍ത്ത ഏറെ ദുഃഖം ഉണ്ടാക്കി) എന്നായിരുന്നു ബിനു കോട്ടയം എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെയാണ് സന്ദീപ് രാജേന്ദ്രന്‍ തന്റെ പരിഭവം രേഖപ്പെടുത്തിയത്.
'ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങള്‍ എങ്ങനെ അസൗകര്യം പറയും? ബിനുമാഷിന്റെ പോസ്റ്റില്‍ ഞാന്‍ ഏറെ വിഷമത്തോടുകൂടിയാണ് ഇക്കാര്യങ്ങള്‍ എഴുതി എന്നേ ഉള്ളൂ' എന്നാണ് സന്ദീപ് രാജേന്ദ്രന്‍ കുറിച്ചത്.
Content Highlights: CPI State Secretary apologizes to Kanam Rajendran's family