
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പ്രധാനമന്ത്രിയെ അവഹേളിച്ചതിലൂടെ പ്രകോപനം സൃഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. ഫ്ലക്സ് ആര് സ്ഥാപിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി. വിഷയത്തിൽ ആകെ മൂന്ന് എഫ്ഐആറുകളാണ് ഫയൽ ചെയ്തിട്ടുള്ളത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ബിജെപി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
സർവകലാശാലയിലേക്ക് ബിജെപി മാർച്ച് നടത്തിയിരുന്നു. വിദ്യാർത്ഥികളുമായി വാക്കേറ്റവും കയ്യേറ്റ ശ്രമവും ഉണ്ടായതോടെ സർവകലാശാലയിൽ ബിജെപി-എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു.
നാല് കൈകളോടുകൂടിയ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡാണ് കാലടി സംസ്കൃത സർവകലാശാലയിൽ പ്രത്യക്ഷപ്പെട്ടത്. കൈകളിൽ ശൂലത്തിൽ തറച്ച ഭ്രൂണവും മിനാരങ്ങളും താമരയും കൊലക്കയറുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ബോർഡ് എടുത്തു മാറ്റുകയും ചെയ്തിരുന്നു. ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞിരുന്നു. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു.
Content Highlights: Police register case for incitement to riot on Flux against Narendra Modi