
പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ധയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച കാളി (63)യാണ് മരിച്ചത്. ഇരുകാലുകൾക്കും പരിക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെയാണ്, അട്ടപ്പാടി പുതൂരിന് സമീപം സ്വർണഗദ്ധ സ്വദേശിയായ കാളി വിറക് ശേഖരിക്കുന്നതിനായി പേരകുട്ടിയോടൊപ്പം വനത്തിൽ പോയത്. ഉന്നതിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഉൾക്കാട്ടിൽ വെച്ച് കാളിയെ കാട്ടാന ആക്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തുമ്പിക്കൈ കൊണ്ട് തട്ടിമാറ്റി കാട്ടാന നെഞ്ചില്‍ ചവിട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പേരക്കുട്ടിയാണ് സംഭവം നാട്ടുകാരെയും വനം വകുപ്പിനെയും അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി അബോധാവസ്ഥയിൽ കിടന്നിരുന്ന കാളിയെ ഉടൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
നെഞ്ചിനും കാലിനും ഗുരുതര പരിക്കുണ്ടായിരുന്നതിനാൽ കാളിയെ ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. തൃശ്ശൂരിലേക്ക് പോകും വഴി കാളി മരിച്ചു. കാട്ടാനാക്രമണം ഉൾവനത്തിൽ വച്ചാണെങ്കിലും പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു . കാളിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
Content Highlights: Man injured in wild elephant attack dies