
കോഴിക്കോട്: പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എസിപി ഉമേഷ്. പാര്‍ക്കിങ് തര്‍ക്കമാണ് 20കാരനായ സൂരജിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോളേജില്‍ കാര്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തെരുവില്‍ എത്തുകയായിരുന്നുവെന്ന് എസിപി പറഞ്ഞു.
'അമ്പലപ്പറമ്പില്‍ തര്‍ക്കം ഉണ്ടായി. കയ്യാങ്കളി കൊലപാതകത്തില്‍ എത്തി. കൊലപ്പെടുത്തുക എന്ന ഉദ്ദേശം ഉണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണ്. അശ്വന്തെന്ന യുവാവിന്റെ ബന്ധുവായതാണ് സൂരജിനെ ലക്ഷ്യമിടാന്‍ കാരണം. സൂരജിന്റെ പരിചയക്കാരാണ് പ്രതികള്‍', ഉമേഷ് പറഞ്ഞു.
കോളേജിലെ തര്‍ക്കങ്ങള്‍ പക വെച്ച് തീര്‍ക്കുന്ന നിലയിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്വാസം മുട്ടിയായിരുന്നു സൂരജിന്റെ മരണം. കഴുത്തിനേറ്റ പരിക്കും മരണകാരണമായി എന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചാത്തമംഗലം കോളേജിലെ സീനിയര്‍- ജൂനിയര്‍ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് സൂരജിന്റെ സുഹൃത്ത് പ്രത്യുഷ് പറഞ്ഞു.
അക്രമികള്‍ എത്തിയത് അശ്വന്തിനെ മര്‍ദ്ദിക്കാനാണെന്നും പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് സൂരജിനെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആ മര്‍ദ്ദനം കൊലപാതകത്തിന് കാരണമായി. അശ്വന്തിനെ പ്രതി വിജയ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിളിച്ചുവരുത്തിയാണ് അക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂരജ് വധക്കേസില്‍ 18 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ചുമത്തിയത്. വിജയ്, അജയ്, മനോജ് എന്നിവരെയും കണ്ടാലറിയാവുന്ന 15 പേരെയുമാണ് പ്രതി ചേര്‍ത്തത്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിലാണ് സൂരജ് കൊല്ലപ്പെട്ടത്.
Content Highlights: Parking dispute ended to murder ACP reaction on Sooraj murder case