
പാലക്കാട്: കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് മനുഷ്യക്കടത്ത് നടന്നതായി പരാതി. വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്നും ഭക്ഷണവും വിശ്രമവും നൽകാതെ കുവൈത്ത് സ്വദേശികളുടെ വീടുകളിൽ ജോലിയെടുപ്പിച്ചുവെന്നുമാണ് ആരോപണം. തനിക്കൊപ്പം ഏജൻ്റിൻ്റെ കെണിയിൽപ്പെട്ട നിരവധി യുവതികളുണ്ടെന്നും വീടുകളിൽ മാറിമാറി പണിയെടുപ്പിക്കുകയാണെന്നും മനുഷ്യക്കടത്തിന് ഇരയായ യുവതി പറയുന്ന വീഡിയോ റിപ്പോർട്ടറിന് ലഭിച്ചു. ഏജൻസികൾ തമ്മിലുള്ള പ്രശ്നങ്ങളാണ്. തന്നെ ഒരു റൂമിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഭക്ഷണം പോലും കിട്ടുന്നില്ല. ശമ്പളമില്ല. ഇത് തന്റെ അവസാനത്തെ വീഡിയോ ആയിരിക്കാം. വല്ലാത്ത മാനസികാവസ്ഥയിലാണ് ആരും ഈ കെണിയിൽ പെടരുതെന്നും യുവതി വീഡിയോയിൽ പറയുന്നു.
ജിജി തിരുവനന്തപുരമെന്ന സ്ത്രീയാണ് ഖാലിദ് കാസർകോടിനെയും ഇടുക്കി കട്ടപ്പനയിലുള്ള ബിൻസിയെയും പരിജയപ്പെടുത്തിയത്. ഇവരാണ് കുവൈത്തിലേക്ക് കൊണ്ടുവന്നതെന്നും അവർ പറഞ്ഞു.ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് ലെെസൻസില്ലെന്നും യുവതി പറയുന്നു. തന്റെ ഭാര്യയെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതിക്കാരിയുടെ ഭർത്താവ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ഇപ്പോൾ റൂമിൽ എട്ടുപേരാണുള്ളത്. ഖാലിദിനെ വിളിച്ചപ്പോൾ തിരിച്ച് വിടാനാകില്ലെന്നും നല്ല ചെലവാണെന്നുമാണ് പറഞ്ഞത്. ചെലവിൻ്റെ പൈസ മൊത്തമായും അയച്ചുകൊടുത്താലേ വിടുള്ളൂവെന്നാണ് പറയുന്നത്. പാസ്പോർട്ട് ഖാലിദിന്റെ കയ്യിലാണ്. ഒരുനേരമാണ് ഭക്ഷണം കിട്ടുന്നത്. പട്ടാമ്പി നോർക്കയെ സമീപിച്ചിരുന്നുവെന്നും പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Complaint of human trafficking in Kuwait with job offers