'ഗൂഡാലോചനയില്ല, ആരും കുടുക്കിയതുമല്ല'; പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് വേടന്‍

പുലിപ്പല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വേടന്‍ മറുപടി നല്‍കിയില്ല

dot image

കൊച്ചി: കഞ്ചാവ് കേസില്‍ ഗൂഡാലോചനയില്ലെന്ന് റാപ്പര്‍ വേടന്‍. തന്നെ ആരും കുടുക്കിയതല്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ച വേടനെ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവേയായിരുന്നു പ്രതികരണം. തനിക്ക് കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞിരിക്കുമെന്നും വേടന്‍ പറഞ്ഞു. എല്ലാം വന്നിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുലിപ്പല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വേടന്‍ മറുപടി നല്‍കിയില്ല. കഞ്ചാവ് കേസില്‍ വേടനൊപ്പം അറസ്റ്റ് ചെയ്ത എട്ട് പേര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ പുലിപ്പല്ല് കയ്യില്‍ വെച്ചതിന് കസ്റ്റഡിയിലെടുത്ത വേടനെ കോടനാടേക്കാണ് വനംവകുപ്പ് കൊണ്ടുപോയത്. മൃഗവേട്ട വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.

പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചതെന്നാണ് വേടന്‍ നല്‍കിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്റെ പ്രതികരണം. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വനം വകുപ്പ്.

വേടനെതിരെ ആയുധനിയമം ചുമത്തില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വേടന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത 'ആയുധം' ഓണ്‍ലൈനില്‍ വാങ്ങിയതെന്നാണ് കണ്ടെത്തല്‍. അതേസമയം വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.

Also Read:

ഇന്ന് രാവിലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.

Content Highlights: Rapper Vedan says there is no Conspiracy in cannabis case

dot image
To advertise here,contact us
dot image