
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്ഭവനും ക്ലിഫ് ഹൗസിനും നേരെ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് ഇ-മെയിൽ സന്ദേശം. മദ്രാസ് ടൈഗേഴ്സ്- റസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിലാണ് സിറ്റി ട്രാഫിക് കൺട്രോളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് എത്താനിരിക്കെയാണ് തലസ്ഥാനത്ത് നിരന്തരം ബോംബ് ഭീഷണി എത്തുന്നത്. രണ്ടാഴ്ചക്കിടയിൽ 16 വ്യാജ സന്ദേശങ്ങളാണ് തിരുവനന്തപുരം നഗരത്തിൽ മാത്രം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
സെക്രട്ടേറിയറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ടെർമിനൽ മാനേജർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിയെത്തി. ബോംബ് സ്ക്വാഡ് വിശദമായ പരിശോധന നടത്തി. സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. ബോംബ് ഭീഷണി വ്യാജമെന്നാണ് നിഗമനം.
Content Highlights: Threatening mail to Chief Minister's office Raj Bhavan and Cliff House