
കോഴിക്കോട്: മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി പേവിഷ ബാധയേറ്റ് മരിച്ചതിൽ വിശദീകരണവുമായി കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ. മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് ആദ്യം നന്നായി കഴുകണമെന്നും. അങ്ങനെ ചെയ്താൽ മാത്രമാണ് ശരീരത്തിലെത്തുന്ന വൈറസുകളുടെ എണ്ണം കുറക്കാൻ സാധിക്കൂ. എന്നാൽ കുട്ടിയുടെ മുറിവ് വീട്ടിൽ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മുറിവ് കഴുകിയതെന്നും ഡോക്ടർമാർ പറയുന്നു.
കുട്ടിക്ക് ഐ ഡി ആർ വി വാക്സിൻ നൽകിയെങ്കിലും വൈറസ് വ്യാപനം തടയാനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകിയിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.13 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. തലയിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമായിരുന്നു മറ്റ് മുറിവുകൾ. തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് പ്രതിരോധ വാക്സിൻ ഫലം ചെയ്യാതിരിക്കാൻ കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. മുറിവ് ആഴത്തിലുള്ളതായതിനാൽ കുട്ടിയെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് ഇ ആർ ഐ ജി നൽകിയതെന്നും ഡോക്ടർമാർ പറഞ്ഞു.
അഞ്ചു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വിശദീകരിച്ചിരുന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള മരുന്നുകൾ നൽകി. കാറ്റഗറി മൂന്നിൽ ഉൾപ്പെടുന്ന ആഴമുള്ള 13 മുറിവുകളാണ് കുട്ടിയിൽ ഉണ്ടായിരുന്നത്. തലച്ചോറിലേക്ക് വിഷബാധയേറ്റതാണ് മരണകാരണം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടി മരിച്ചത്. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
Content Highlight: Doctors gave an explanation for the death of a five-year-old girl due to rabies because of delay in washing the wounds with soap