
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണം. ഇന്നലത്തെ തീയതിയുള്ള കത്ത് അൽപ്പസമയം മുൻപാണ് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. ക്ഷണം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ പേരുൾപ്പെടുത്തിയാണ് കേന്ദ്രത്തിന് കത്ത് നൽകിയതെന്നും ചടങ്ങിൽ ആരൊക്കെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. കേരള സർക്കാരിൻ്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനാലാണ് പ്രതിപക്ഷ നേതാവിന് ക്ഷണം നൽകാത്തത് എന്നായിരുന്നു കോൺഗ്രസിൻ്റെ വിമർശനം. പിന്നാലെ വാർത്ത ആരോപണം തള്ളി മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
മെയ് 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിന് പിന്നാലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു.
വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഡിസംബര്‍ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റെയില്‍ - റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
Content Highlights-Vizhinjam inauguration; Opposition leader receives invitation letter after controversy