ബാരാമതി: രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ശരദ് പവാർ രാഷ്ട്രീയം മതിയാക്കുന്നുവെന്ന് സൂചന. താൻ ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പവാർ വ്യക്തമാക്കിയത്. തന്റെ രാജ്യസഭാ കാലാവധി അവസാനിക്കാനിക്കാൻ ഒന്നരവർഷം കൂടി ശേഷിക്കെയാണ് ശരദ് പവാർ നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബാരാമതിയിൽ ബന്ധു കൂടിയായ യുഗേന്ദ്ര പവാറിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കവെയായിരുന്നു ശരദ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ' എന്റെ കയ്യിൽ ഇപ്പോൾ അധികാരമില്ല. രാജ്യസഭാ കാലാവധി ഒന്നര വർഷം മാത്രമേയുള്ളൂ. ശേഷം ഇനിയൊരു മത്സരത്തിന് ഞാനുണ്ടാകില്ല. എപ്പോഴെങ്കിലും ഇത് നിർത്തണമല്ലോ…'; പതിനാല് പ്രാവശ്യത്തോളം തന്നെ എംപിയും എൽഎൽഎയുമെല്ലാം ആക്കിയ ബാരാമതിയിലെ ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് ശരദ് പവാർ പറഞ്ഞു.
പ്രസംഗത്തിനിടെ പാർട്ടി പിളർത്തി പുറത്തുപോയ അജിത് പവാറിനെ വലിയ രീതിയിൽ ശരദ് പവാർ വിമർശിച്ചില്ല. ' എനിക്ക് അജിത്തിനോട് വലിയ ദേഷ്യമില്ല, 30 വർഷത്തോളം നിങ്ങളെ നയിച്ചതല്ലേ. എന്നാൽ ഇനി തലമുറ മാറ്റത്തിന് സമയമായിരിക്കുന്നു. അടുത്ത 30 വർഷത്തേയ്ക്ക് നിങ്ങളെ നയിക്കാനുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഇനി എന്റെ ദൗത്യം'; ശരദ് പവാർ പറഞ്ഞു. ഇനി ഭാവിയിലേക്ക് നോക്കാനുള്ള സമയമായെന്നും മണ്ഡലത്തിലെ ജനങ്ങൾ എല്ലായ്‌പ്പോഴും ഈ കുടുംബത്തെ അനുഗ്രഹിച്ചിട്ടേയുള്ളുവെന്നും പവാർ സീനിയർ കൂട്ടിച്ചേർത്തു.
ദിവസങ്ങൾ മാത്രം ബാക്കിയുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി ശരദ് പവാറിന്റെ നേതൃത്വത്തിൽ കൂടിയാണ് മഹാ വികാസ് അഘാടി സഖ്യം ഒരുങ്ങിയിരുന്നത്. സീറ്റ് തർക്കങ്ങൾ വന്നപ്പോഴെല്ലാം ശരദ് പവാറിന്റെയും കൂടി മധ്യസ്ഥതയിലാണ് തർക്കങ്ങൾ പരിഹരിക്കപ്പെട്ടത്. വർഷങ്ങളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായി നിലകൊള്ളുന്ന ശരദ് പവാർ നിരവധി തവണ ബാരാമതിയിലെ എംഎൽഎയും എംപിയുമായി. ശരദ് പവാറിന് ശേഷം അനന്തരവൻ അജിത്തിനെയും മണ്ഡലം ഏറ്റെടുത്തു. എന്നാൽ രണ്ട് വർഷങ്ങൾക്ക് മുൻപ് പാർട്ടി പിളർന്നത് ശരദ് പവാറിനെ ഏറെ വേദനിപ്പിച്ചിരുന്നു. എങ്കിലും മണ്ഡലത്തിൽ ശരദ് പവാറിനുള്ള സ്വാധീനം ഒരിക്കലും കുറഞ്ഞിരുന്നുമില്ല.
Content Highlights: Sharad Pawar hints of quitting politics