ന്യൂഡല്‍ഹി: നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' എന്ന വിവാദ നോവലിനെതിരെയുള്ള ഇന്ത്യയുടെ നിരോധനം നീക്കം ചെയ്യണമെന്ന ഹര്‍ജി തീര്‍പ്പാക്കി ഡല്‍ഹി ഹൈക്കോടതി. 1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധനം പിന്‍വലിക്കണമെന്ന സന്ദീപന്‍ ഖാന്റെ ഹര്‍ജിയാണ് ജസ്റ്റിസ് രേഖ പള്ളി അധ്യക്ഷയായ ബെഞ്ച് തീര്‍പ്പാക്കിയത്.
2019 മുതല്‍ തീര്‍പ്പാക്കാത്ത ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി അവസാനിപ്പിച്ചത്. നിരോധനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഹര്‍ജിക്കാരന് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും വിജ്ഞാപനം നിലവിലില്ലെന്നാണ് അനുമാനമെന്നും രേഖ പള്ളി വ്യക്തമാക്കി. നിയമത്തില്‍ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പുസ്തകവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാന്‍ ഹര്‍ജിക്കാരന് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
'05.10.1988ല്‍ പുറത്തിറങ്ങിയെന്ന് പറയുന്ന വിജ്ഞാപനം ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. 2019ൽ കേസിൻ്റെ വാദം ആരംഭിച്ചത് മുതൽ വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കന്‍ സാധിച്ചില്ലെന്നതും ഹര്‍ജിക്കാരന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന് കരുതാനല്ലാതെ നമുക്ക് മറ്റൊരു മാര്‍ഗവുമില്ല. ഞങ്ങള്‍ക്ക് അതിന്റെ സാധുത പരിശോധിക്കാനും സാധിക്കില്ല. റിട്ട് ഹര്‍ജി പ്രയോജനകരമല്ലാത്തതിനാല്‍ തന്നെ തീര്‍പ്പാക്കുന്നു', കോടതി നിരീക്ഷിച്ചു.
1988ല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം ഇന്ത്യയിൽ നിരോധിച്ചത്. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് സാത്താനിക്ക് വേഴ്‌സസ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സന്ദീപന്‍ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റംസ് നിയമം പ്രകാരം പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചുവെന്നും വെബ്‌സൈറ്റുകളില്‍ പോലും പുസ്തകം ലഭ്യമല്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
വിജ്ഞാപനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പുറമേ 1988ല്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മറ്റ് അനുബന്ധ നിര്‍ദേശങ്ങളും റദ്ദാക്കണമെന്നും സന്ദീപന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രസാധകരില്‍ നിന്നോ അന്താരാഷ്ട്ര ഇ കൊമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്നോ പുസ്തകം ഇറക്കുമതി ചെയ്യാനുള്ള അനുമതി തനിക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നടപടികള്‍ക്കിടയില്‍ വിജ്ഞാപനം കണ്ടെത്താന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഹാജരാക്കാന്‍ കഴിയില്ലെന്നുമായിരുന്നു അധികാരികളുടെ മറുപടി.
Content Highlights: Delhi HC closes plea against ban on Salman Rushdie s The Satanic Verses