ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീകളുടെ വസ്ത്രത്തിന് അളവെടുക്കാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി വനിതാ കമ്മീഷൻ. ജിം, യോഗ കേന്ദ്രങ്ങളിൽ പുരുഷ ട്രെയിനർമാർ സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്കൂൾ ബസുകളിൽ വനിതാ ആയമാരെ നിയോഗിക്കുക, സ്ത്രീകളുടെ സ്റ്റോറുകളിൽ സ്ത്രീകളെ നിയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
ഒക്ടോബർ 28ന് ലഖ്‌നൗവിൽ സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു ഈ സുരക്ഷ പദ്ധതികളെ കുറിച്ച് ചർച്ച നടന്നത്. ചർച്ചകൾ ആദ്യ പടി മാത്രമാണെന്നും ഇവ നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നും കമ്മീഷൻ അംഗം പറഞ്ഞു. സ്ത്രീകൾ വസ്ത്രം തയ്ക്കാനെത്തുന്ന സ്ഥലങ്ങളിൽ അളവെടുക്കുന്നതിന് വനിതകളെ നിയോഗിക്കണം. ഒപ്പം ഈ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്. സലൂണുകളിലും സ്ത്രീകളുടെ മുടി വെട്ടാൻ സ്ത്രീകൾ മതിയെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പുരുഷന്മാരുടെ സ്പർശനം ഒഴിവാക്കാനാണിത്. എല്ലാ പുരുഷന്മാരും മോശമായ ഉദ്ദേശ്യത്തോടെയല്ല പെരുമാറുന്നതെന്നും സ്ത്രീകൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ബബിത ചൗഹാൻ കൂട്ടിച്ചേർത്തു. പുറത്തുവിട്ടിരിക്കുന്നത് നിർദേശങ്ങൾ മാത്രമാണെന്നും സാധ്യതകൾ പരിശോധിച്ച് ഇവ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംഗങ്ങൾ അറിയിച്ചു.
Content Highlight: No male tailor should take woman's measurement, no male gym trainer; UP Woman commission issues new regulations