ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബങ്കേ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് വൈറലായ വീഡിയോയില്‍ ഭക്തര്‍ കുടിക്കുന്നത് എസി വെള്ളമല്ലെന്ന വാദവുമായി ക്ഷേത്ര പുരോഹിതന്‍. കോവിലില്‍ എസി സ്ഥാപിച്ചിട്ടില്ലെന്ന് പുരോഹിതനായ ശാലു ഗോസ്വാമി ദേശീയ മാധ്യമമായ ന്യൂസ് 18നോട് പ്രതികരിച്ചു. ഭക്തര്‍ കുടിച്ചത് എസി വെള്ളമാണെന്ന് പറയുന്നവര്‍ വിഡ്ഢികളാണെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം വിവാദം പ്രചരിപ്പിച്ചവര്‍ മതത്തെ കളിയാക്കുകയാണെന്നും ശാലു കൂട്ടിച്ചേര്‍ത്തു.
'ഇത് സാധാരണ വെള്ളമല്ല. ഭഗവാന്‍ ബാങ്കെ ബിഹാരിയുടെ വിഗ്രഹവും ശ്രീകോവിലും വൃത്തിയാക്കുമ്പോള്‍ പുറത്ത് പോകുന്ന വെള്ളമാണിത്. ബിഹാരി ജിയെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അമൃതിനേക്കാള്‍ കുറവല്ല. ഇത് എസി വെള്ളമാണെന്ന് പറയുന്നവര്‍ വിഡ്ഢികളാണ്', ശാലു പറഞ്ഞു.
മഥുരയിലെ വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വിവാദമായിരുന്നു. ക്ഷേത്രത്തിലെ ചുമരില്‍ നിര്‍മിച്ചിട്ടുള്ള ആനയുടെ തലയുടെ രൂപത്തിലുള്ള ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുടിക്കുന്ന ഭക്തരുടെ വീഡിയോയായിരുന്നു വൈറലായത്.
പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണിതെന്നായിരുന്നു ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളമാണെന്ന് ആരോപിച്ച് ഒരു യൂട്യൂബര്‍ രംഗത്തെത്തുകയായിരുന്നു. വെള്ളം ശേഖരിച്ച് കുടിക്കുന്ന ആളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനവും ഉയര്‍ന്നു. വിദ്യാഭ്യാസത്തിനാണ് സമൂഹം പ്രാധാന്യം നല്‍കേണ്ടതെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Content Highlights: Thats not AC Water Banke Bihari Temple Priest responds on Viral Video