വനേശ്വര്‍: സാംബാല്‍പൂര്‍ മൃഗശാലയില്‍ എത്തിയ നരഭോജിയായ പുള്ളിപ്പുലി പ്രണയിനിയെ കണ്ടെത്തി. എട്ടുവയസ്സ് വരെ പ്രായമുള്ള രാജ എന്ന വിളിപ്പേരുള്ള പുള്ളിപ്പുലിയാണ് ആറ് വയസുകാരിയായ റാണിയുമായുമായി പ്രണയത്തിലായത്. 2022ല്‍ നുവപാഡ ജില്ലയില്‍ രണ്ടുപേരെ കൊല്ലുകയും ഒരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2023 നവംബര്‍ അഞ്ചിനാണ് വനപാലകര്‍ രാജയെ പിടികൂടിയത്.
തുടർന്ന് നവംബര്‍ 8ന് ഹിരാകുഡ് വന്യജീവി ഡിവിഷന്റെ കീഴിലുള്ള സാംബാല്‍പൂര്‍ മൃഗശാലയിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. വനത്തിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന റാണിയും ഇവിടെയുണ്ടായിരുന്നു. രാജയെ കാണുന്നതുവരെ സെല്ലില്‍ തനിച്ചായിരുന്നു റാണി. ഏകദേശം 11 മാസത്തെ ക്വാറന്റീനിൽ പാർപ്പിച്ച് നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയതിന് ശേഷമാണ് രാജയെ റാണിയുടെ കൂട്ടിലേക്ക് മാറ്റിയത്.
ഇരുവരുടേയും പെരുമാറ്റ വ്യതിയാനങ്ങൾ പഠിക്കുന്നതിനായി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു. റാണിയും രാജയും പൊരുത്തപ്പെടുന്നുവെന്ന് കണ്ടെത്തി. ഒരു മാസക്കാലം അവരുടെ സൗഹൃദപരമായ ആശയവിനിമയം നിരീക്ഷിച്ചു. ഇരുവരും അനുയോജ്യരാണെന്ന് കണ്ടെത്തിയതിനാൽ ശനിയാഴ്ച വരെ ഒന്നിച്ചുവിട്ടയച്ചുവെന്ന് അധികൃതർ പറഞ്ഞു.
ഇരുവരും നല്ല രീതിയിൽ സ്നേഹ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും അഞ്ചു ദിവസത്തിനകം ഇണ ചേരൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂർ നിരീക്ഷണം നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സാംബാൽപൂർ മൃഗശാലയിലെ സന്ദർശകർ പോലും ഈ സ്നേഹ കാഴ്ട കണ്ടുനിന്നു.
Content Highlights: Man eater leopard finds love in odisha zoo