ഗാസയിലെ സാഹചര്യം ആശങ്കാജനകം; ദ്വിരാഷ്ട്ര ചര്‍ച്ചയിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ പിന്തുണ: എസ് ജയശങ്കർ

സൗദി വിദേശകാര്യ മന്ത്രിയുമായി ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച

dot image

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് വിഷയം ചര്‍ച്ച ചെയ്ത് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. ദ്വിരാഷ്ട്ര പരിഹാര ചര്‍ച്ചകളിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ പിന്തുണക്കുമെന്ന് ഇന്ത്യ അറിയിച്ചു. തീവ്രവാദത്തെ അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

'ഭീകരതയേയും ബന്ദികളാക്കുന്ന നടപടികളേയും അപലപിക്കുന്നു. നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ദുഃഖമുണ്ട്. ഏത് പ്രതികരണവും അന്താരാഷ്ട്ര മാനുഷിക നിയമം ഉയര്‍ത്തിപ്പിടിക്കുന്നതാവണം. നേരത്തേയുള്ള വെടിനിര്‍ത്തലിനെ ഇന്ത്യ പിന്തുണക്കുന്നു', എന്നായിരുന്നു ജയശങ്കര്‍ വ്യക്തമാക്കിയത്.

സൗദിയെ പശ്ചിമേഷ്യയിലെ സുസ്ഥിരതയ്ക്കുള്ള നിര്‍ണായക ശക്തിയെന്ന് പറഞ്ഞ ജയശങ്കര്‍ പക്ഷേ നിലവില്‍ പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലായി 50 കരാറുകള്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ സൗദി നിക്ഷേപ പദ്ധതികള്‍ക്ക് വ്യക്തത വരുത്തുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കായാണ് നിലവിലെ കൂടിക്കാഴ്ച. സൗദി അറേബ്യയുടെ ആറാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

26 ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ലോകത്ത് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,300 കോടി ഡോളറായിരുന്നു. ഇന്ത്യയും സൗദി അറേബ്യയും വികസന രംഗത്ത് ഒരേ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയും ഇന്ത്യയുടെ വികസിത് ഭാരത് 2047 പദ്ധതിയും സമാനതകളേറെ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: S Jaishankar shares concerns over situations in Gaza, made discussions with Saudi external affairs minister

dot image
To advertise here,contact us
dot image