ഛണ്ഡീഗഡ്: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ് അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. വനിത അധ്യാപിക കസേരയിൽ ഇരുന്ന സമയത്ത് പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോംബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
സയൻസ് അധ്യാപികയോടായിരുന്നു വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചിരുന്നു. ഇതോടെ അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിച്ചു. ക്ലാസിലെത്തി അധ്യാപിക കസേരയിൽ ഇരുന്നതോടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
അധ്യാപികയ്ക്കുള്ള പ്രാങ്കായിരുന്നു ഉദ്ദേശിച്ചത് എന്നായിരുന്നു ആദ്യം വിദ്യാർത്ഥികളുടെ ന്യായീകരണം. എന്നാൽ പൊട്ടിത്തെറിയുടെ ആഘാതത്തിൽ അധ്യാപികയുടെ പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.
15 പേരുള്ള ക്ലാസിൽ 13 പേരെയാണ് സ്കൂൾ പുറത്താക്കിയത്. ക്ലാസ് മുറിയിലെ സ്ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ സംഭവത്തെ കുറിച്ച് 13 കുട്ടികൾക്കും അറിയാമായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ കുട്ടികളെ സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു. എന്നാൽ രക്ഷിതാക്കളുൾപ്പെടെ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിദ്യാർത്ഥികളെ തിരിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.
Content Highlight: Students bursts cracker bomb under teacher's chair, suspended