റാഞ്ചി: ജാര്‍ഖണ്ഡില്‍ എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് പ്രവചിക്കുന്നു. ജെഎംഎം നേതൃത്വം നല്‍കുന്ന ഇന്‍ഡ്യാ മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും 35 മുതല്‍ 38 സീറ്റുകള്‍ വരെ മാത്രമേ മുന്നണിക്ക് ലഭിക്കുകയുള്ളൂ എന്നും ചാണക്യയുടെ എക്‌സിറ്റ് പോള്‍ പറയുന്നു. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിക്കാമെന്നും എക്‌സിറ്റ് പോളില്‍ പറയുന്നു. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോളില്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് 40 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് പറയുന്നു.
ഇന്‍ഡ്യാ മുന്നണിക്ക് 30 മുതല്‍ 40 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും പ്രവചിക്കുന്നു. മാട്രിസിന്റെ എക്‌സിറ്റ് പോള്‍ ഫലത്തിലും എന്‍ഡിഎയ്ക്ക് തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ജാര്‍ഖണ്ഡില്‍ എന്‍ഡിഎ മുന്നണി 42-47 വരെ സീറ്റുകള്‍ നേടുമെന്ന് മാട്രിസ് പ്രവചിക്കുന്നു. ജെഎംഎം നേതൃത്വം നല്‍കുന്ന ഇന്‍ഡ്യാ മുന്നണിക്ക് 25 മുതല്‍ 30 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും മാട്രിസ് പ്രവചിക്കുന്നു. സ്വതന്ത്രര്‍ അടക്കമുള്ളവര്‍ക്ക് മാട്രിസ് പ്രവചിക്കുന്നത് ഒന്ന് മുതല്‍ നാല് സീറ്റുകള്‍ മാത്രമാണ്. പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 42 മുതല്‍ 48 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നു. എന്‍ഡിഎയുടെ സഖ്യകക്ഷിയായ എജെഎസ്‌യു പാര്‍ട്ടിക്ക് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റ് ലഭിക്കാം. ഇന്‍ഡ്യാ മുന്നണിക്ക് പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നത് 16 മുതല്‍ 23 സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസിന് എട്ട് മുതല്‍ പതിനാല് സീറ്റുകള്‍ വരെ ലഭിക്കാമെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു. ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ട വോട്ടോടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ജാര്‍ഖണ്ഡില്‍ നവംബര്‍ പതിമൂന്നിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. നവംബര്‍ 23നാണ് ഫലം പുറത്തുവരിക.
അതിനിടെ, മഹാരാഷ്ട്രയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിക്കുന്നതാണ് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്സിറ്റ് പോള്‍ ഫലം. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് പ്രവചനം. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ബിജെപി സഖ്യത്തിന് മേല്‍ക്കൈ പ്രവചിക്കുമ്പോഴും കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല. മാട്രിസിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ മഹായുതി സഖ്യം 150 മുതല്‍ 170 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. മഹാ വികാസ് അഘാഡി സഖ്യമാകട്ടെ നേടുക 126 മുതല്‍ 146 വരെ സീറ്റുകള്‍ മാത്രം. മറ്റുള്ളവര്‍ എട്ട് മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നും മാട്രിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
Content highlights- jharkhand exit poll results out