ന്യൂഡല്‍ഹി: ഇന്ത്യ അദാനിയുടെ പിടിയിലാണെന്ന കോണ്‍ഗ്രസിന്റെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ബിജെപിയെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്ന ഘടനയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഉന്നയിച്ച ആരോപണങ്ങളില്‍ നാല് സംസ്ഥാനങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ്, ഒഡീഷ, ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ലിസ്റ്റിലുള്ളത്. ഇതില്‍ നാലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നില്ലെന്നും സംബിത് പത്രപറയുന്നു. രാഹുല്‍ ഗാന്ധി മാത്രമല്ല അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധിയും അവരുടെ പാര്‍ട്ടിയും 2002 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പൊതുസമൂഹത്തിന് ആരാണ് സത്യമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം അദാനി അടക്കം ഏഴ് പേര്‍ക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപ്പത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗൗതം അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. അദാനി നടത്തുന്ന അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോജ്ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റേതാണ് കുറ്റാരോപണം. 265 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത് 'ന്യൂമെറെ യൂണോ', 'ദി ബിഗ് മാന്‍' തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.
Content Highlight: BJP alleges congress trying to attack party in Adani issue