ചെന്നൈ: അമരൻ സിനിമ ഇറങ്ങിയതിന് പിന്നാലെ പൊല്ലാപ്പിലായി എഞ്ചിനീയറിങ് വിദ്യാർത്ഥി. താൻ രണ്ട് വർഷമായി ഉപയോഗിക്കുന്ന നമ്പറാണ് സിനിമയിലെ സായ് പല്ലവിയുടെ കഥാപാത്രമായ ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തിൻ്റേതെന്ന് പറഞ്ഞ് സിനിമയില്‍ കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി വിദ്യാർത്ഥി രംഗത്തെത്തിയത്. തൻ്റെ ഈ ഫോൺ നമ്പർ തന്നെയാണ് ബാങ്ക് അക്കൗണ്ടിന് ഉൾപ്പടെ ഉപയോഗിച്ചിരുന്നതെന്നും വിദ്യാർത്ഥിയായ വി വി വാഗീശൻ പറയുന്നു. തനിക്ക് നിരന്തരമായി കോളുകൾ വരുകയാണെന്നും ഉറങ്ങാനോ പഠിക്കാനോ കഴിയുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.
തൻ്റെ അനുവാദം ഇല്ലാതെ നമ്പർ ഉപയോഗിച്ചതിന് 1.1 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വ്യക്തമാക്കി വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് വിദ്യാർത്ഥി. ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ അമരൻ ആഗോള ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് മുന്നേറുന്ന സമയത്താണ് ഇത്തരത്തിലൊരു പരാതി വന്നിരിക്കുന്നത്.
ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content highlight- Constant call, cannot sleep; Amaran used student's number