മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മഹായൂതി സഖ്യവുമായുണ്ടായ കനത്ത തോല്‍വിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് മഹാവികാസ് അഘാഡി. അവസാന കണക്കുകളും പുറത്തുവരുന്നതോടെ ആകെയുള്ള 288 സീറ്റില്‍ 50 സീറ്റ് മാത്രമാണ് എംവിഎയ്ക്ക് നേടാനായത്. മുഴുവന്‍ സീറ്റിന്റെ പത്ത് ശതമാനമെങ്കിലും വിജയിച്ച പാര്‍ട്ടിക്ക് മാത്രമേ സഭയില്‍ പ്രതിപക്ഷ നേതാവെന്ന പദവിക്ക് ആവശ്യം ഉന്നിക്കാനാകൂ. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രതിപക്ഷ നേതാവ് എന്ന ആവശ്യമുന്നയിക്കാന്‍ എംവിഎ അര്‍ഹമല്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
288 സീറ്റില്‍ പത്ത് ശതമാനം വിജയിക്കുന്ന, അഥവാ 29 സീറ്റ് നേടുന്ന പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതാവിനായി ആവശ്യം ഉന്നയിക്കാന്‍ സാധിക്കൂ. ആറ് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 13 സീറ്റുകളാണ് നേടിയത്. ഏഴില്‍ സീറ്റില്‍ മുന്നിലെന്നാണ് കണക്ക്. സഖ്യത്തിലെ മറ്റ് കക്ഷികളായ കോണ്‍ഗ്രസ്, ശരദ് പവാര്‍ പക്ഷം എന്‍സിപി എന്നിവര്‍ ആറ് സീറ്റുകള്‍ വീതമാണ് നേടിയത്. യഥാക്രമം ഏഴും നാലും സീറ്റുകളില്‍ മുന്നേറുന്നതായുമാണ് റിപ്പോര്‍ട്ട്.
സഖ്യകക്ഷികള്‍ ഉള്‍പ്പെടെ നേടിയ വിജയ സീറ്റുകള്‍ പരിഗണിച്ചാല്‍ 29 എന്ന ലക്ഷ്യത്തിലെത്താമെങ്കിലും പ്രതിപക്ഷ നേതാവ് എന്ന പദത്തിലേക്ക് സഖ്യകക്ഷികളുടെയാകെ സീറ്റുകള്‍ പരിഗണിക്കപ്പെടില്ല. ആന്ധ്രപ്രദേശ്, മണിപ്പൂര്‍, സിക്കിം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാവില്ല.
ദേശീയ രാഷ്ട്രീയത്തില്‍ അഞ്ച് വര്‍ഷകാലയളവില്‍ രണ്ട് തവണ സര്‍ക്കാര്‍ വീഴുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യമാണ്. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയത്.
ബിജെപി-ശിവസേന-എന്‍സിപി സഖ്യമായ മഹായുതിക്കാണ് സംസ്ഥാനത്ത് മുന്‍തൂക്കം. ഇന്ത്യ സഖ്യത്തെ നിലംപരിശാക്കി 227 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. എന്‍ഡിഎയില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് ബിജെപിയാണെന്നതിന് സംശയമില്ല. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവായ ദേവേന്ദ്ര ഫഡ്നാവിസിനെ പരിഗണിക്കാനുള്ള സമ്മര്‍ദമുണ്ട്.
ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആര്‍എസ്എസ് ഇതിനകം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ഏക്നാഥ് ഷിന്‍ഡെയുടെ സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
Content Highlight: Maharashtra won;t be having opposotion leader as party's couldn't attain 10% seats