മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങി കൊല്ലപ്പെട്ട എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖി. വാന്ദ്രെ നിയമസഭാ മണ്ഡലത്തില്‍ ശിവസേനാ നേതാവ് വരുണ്‍ സര്‍ദേശിയോട് 11,365ലേറെ വോട്ടുകള്‍ക്കാണ് സീഷാന്‍ പരാജയപ്പെട്ടത്.
സര്‍ദേശായിക്ക് 57,708 വോട്ടുകള്‍ ലഭിച്ചപ്പോള്‍, സീഷാന് 46,343 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. അജിത് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സീഷാന്‍. ആദിത്യ താക്കറെയുടെ അടുത്ത ബന്ധുവാണ് സര്‍ദേശായി.
എന്താണ് സംഭവിച്ചത് എന്നറിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സീഷാന്‍ പ്രതികരിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച രീതിയില്‍ ഇത്തവണ പ്രവര്‍ത്തിച്ചു. തന്റെ പിതാവിന്റെ പേര് കളഞ്ഞല്ലോ എന്നോര്‍ത്ത് സങ്കടമുണ്ട്. ഒന്നരമാസം മുമ്പാണ് പിതാവിനെ നഷ്ടമായത്. ഇപ്പോള്‍ തിരഞ്ഞെടുപ്പിലും തോറ്റു. ഇരട്ട നഷ്ടമാണ് സംഭവിച്ചതെന്നും സീഷാന്‍ പ്രതികരിച്ചു.
2019ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് സീഷാന്‍ മത്സരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബാബ സിദ്ദിഖിയും സീഷാനും എന്‍സിപിയിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാബ സിദ്ദിഖി എന്‍സിപിയില്‍ ചേര്‍ന്നെങ്കിലും സീഷാന്‍ പാര്‍ട്ടിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് വാന്ദ്രെയില്‍ സീഷാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
ഒക്ടോബറിലാണ് ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചത്. മൂന്ന് തോക്കുധാരികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ച് വധിക്കുകയായിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ സുമിത് ദിനകര്‍ വാഗ് എന്നയാളെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ 26 പ്രതികളാണ് അറസ്റ്റിലായത്.
Content Highlights- Zeeshan siddique loses vandre east to uddhav thackeray's nephew