ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാല്‍ ദുരന്തം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദുരന്തത്തിന്റെ പ്രത്യാഘാതം അടുത്ത തലമുറയും അനുഭവിക്കേണ്ടി വരുമെന്ന് കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഫോറന്‍സിക് ഡോക്ടർ കെ സത്പതി. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മാണ ശാലയില്‍ നിന്ന് ചോര്‍ന്ന വിഷവാതകത്തിന്റെ അനന്തരഫലങ്ങള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ അടുത്ത തലമുറയും അനുഭവിക്കേണ്ടി വരുമെന്ന് ഡോ. സത്പതി പറയുന്നു. ഭോപ്പാല്‍ ദുരന്ത അതിജീവിതരുടെ സംഘടനകള്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പിന്റെ മുന്‍ മേധാവിയാണ് സത്പതി. ദുരന്ത ദിനത്തില്‍ മാത്രം 875 പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടുള്ള അഞ്ച് വര്‍ഷങ്ങളില്‍ 18,000 പേരുടെ പോസ്റ്റുമോർട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം അതിജീവിച്ച സ്ത്രീകള്‍ക്ക് ജനിക്കാനിരിക്കുന്ന കുട്ടികളെ വിഷവാതകം ബാധിക്കുമോയെന്ന ചോദ്യങ്ങള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നിരസിച്ചെന്നും ഗര്‍ഭപാത്രത്തിലേക്ക് ഇതിന്റെ പ്രത്യാഘാതം എത്തില്ലെന്നും അവകാശപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ദുരന്തത്തില്‍ മരിച്ച ഗര്‍ഭിണികളായ സ്ത്രീകളുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അമ്മയില്‍ കണ്ടെത്തിയ വിഷ പദാര്‍ത്ഥങ്ങളുടെ 50 ശതമാനം കുഞ്ഞുങ്ങളിലേക്കുമെത്തിയതായി കണ്ടെത്തിയെന്നും സത്പതി വെളിപ്പെടുത്തി. അതിജീവിച്ച അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളിലേക്കും വിഷപദാര്‍ത്ഥമെത്തിയിട്ടുണ്ടെന്നും ഇത് അടുത്ത തലമുറയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നും സത്പതി കൂട്ടിച്ചേര്‍ത്തു. തലമുറകളോളം ഇത് തുടരുമെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ദുരന്തത്തെക്കുറിച്ചുള്ള ഗവേഷണം സര്‍ക്കാര്‍ നിര്‍ത്തിവെച്ചതെന്നും അദ്ദേഹം ചോദിച്ചു.
1984 ഡിസംബര്‍ രണ്ടിന് നടന്ന ദുരന്തത്തില്‍ അന്ന് മാത്രം ഏകദേശം 3,787 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അഞ്ച് ലക്ഷത്തിലധികം പേരെയാണ് ദുരന്തം ബാധിച്ചത്. യൂണിയന്‍ കാര്‍ബൈഡ് കമ്പനി ആരംഭിച്ച് എട്ടാമത്തെ വര്‍ഷമാണ് വന്‍ ദുരന്തമുണ്ടായത്. 42 ടണ്‍ മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തില്‍ വ്യാപിക്കുകയായിരുന്നു.
ദുരന്തത്തിന് ശേഷം ജനിച്ച പല കുട്ടികളിലും ശാരീരിക മാനസിക വൈകല്യങ്ങള്‍ വന്‍തോതില്‍ കണ്ടെത്തിയിരുന്നു. യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റില്‍ നിന്ന് ചോര്‍ന്ന വിഷവാതകങ്ങള്‍ പ്രദേശത്തെ ജലത്തിലും മണ്ണിലും കലരുകയും ഇന്നും അവിടെയുള്ള ജനങ്ങള്‍ക്ക് ലിവര്‍ അസുഖങ്ങളും കാന്‍സറും രക്തസമ്മര്‍ദവുമടക്കമുള്ള അസുഖങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
Content Highlights: Bhopal tragedy effected for generations