'മഹാരാഷ്ട്രയിലെ ജനവിധിയിൽ സംശയം, പ്രതിപക്ഷ പാര്‍ട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകും'; കെ സി വേണുഗോപാൽ

സുതാര്യമായി തിരഞ്ഞെടുപ്പ് വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും കെ സി വേണുഗോപാൽ

dot image

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മഹാരാഷ്ട്രയിലെ ജനവിധിയില്‍ സംശയമുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. എവിടെയോ കൃത്രിമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

K C Venugopal
കെ സി വേണുഗോപാല്‍

'തിരഞ്ഞെടുപ്പ് നടക്കുന്നത് സുതാര്യമായിട്ടല്ല. സുതാര്യമായി തിരഞ്ഞെടുപ്പ് വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടും. മഹാരാഷ്ട്രയിലെ ജനവിധി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും', അദ്ദേഹം പറഞ്ഞു. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായിട്ടില്ലെന്നും പരാജയം പരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പരാജയം അവിശ്വസനീയമെന്നായിരുന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ചുമതലയുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇത്രയും വലിയൊരു പരാജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടായത് അംഗീകരിക്കാനാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ തോല്‍വി പാര്‍ട്ടി കൃത്യമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്ടെ വിജയത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനമെന്നും പ്രിയങ്ക ഗാന്ധിയുടെ വിജയം മതേതര ശക്തികളുടെ വിജയം എന്നും പറഞ്ഞ രമേശ് ചെന്നിത്തല കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ല എന്ന സിപിഐഎം വാദം അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: K C Venugopal s responds about Maharashtra election result

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us