ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍. നടി പവിത്രയ്ക്ക് മാത്രമല്ല, മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ച് അനാദരവ് കാണിച്ചിരുന്നുവെന്നും ദര്‍ശന്‍ പറയുന്നു. അഭിഭാഷകന്‍ മുഖേന ദര്‍ശന്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
കേസിന്റെ വാദത്തിനിടെയാണ് രേണുകസ്വാമിക്കെതിരെ ദര്‍ശന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. രേണുകസ്വാമി സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്ത ആളാണെന്ന് ദര്‍ശന് വേണ്ടി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പവിത്രയ്ക്ക് പുറമേ മറ്റ് സ്ത്രീകള്‍ക്കും അയാള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ട്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശന്റെ പേര് വന്നത് മുതല്‍ നിഷേധാത്മകമായ രീതിയിലാണ് ദര്‍ശനെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
2024 ഒക്ടോബറില്‍ ദര്‍ശന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ചികിത്സയ്ക്കായി ആറാഴ്ചത്തെ ജാമ്യമായിരുന്നു അനുവദിച്ചത്. ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്നുമാണ് ദര്‍ശന്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ കോടതി ദര്‍ശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
സുഹൃത്തുമായ പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചെന്നാരോപിച്ചായിരുന്നു രേണുകസ്വാമിയെ ദര്‍ശന്‍ അടക്കമുള്ള സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ നിര്‍ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മരിക്കുന്നതിനു മുന്‍പ് രേണുകസ്വാമിക്ക് ക്രൂരമര്‍ദനമേറ്റിരുന്നുവെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രേണുകസ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.
Content Highlights- actor darshan claims renuka swamy was vulgar in karnataka hc