മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ദിവസങ്ങൾ കഴിഞ്ഞിട്ടും മഹായുതി സഖ്യത്തിൽ മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് തുടരുന്നു. ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും മഹായുതി സഖ്യനേതാക്കളായ ദേവേന്ദ്ര ഫട്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ചർച്ച നടത്തും. പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന ഏകാനാഥ് ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിലെ അവസാന വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാകും. ഫഡ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ഏകദേശം തീരുമാനമായിട്ടുണ്ടെങ്കിലും മോദിയുമായുള്ള സഖ്യകക്ഷി നേതാക്കളുടെ ഡൽഹി ചർച്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
വിജയാഘോഷങ്ങളുടെ ചൂടാറും മുൻപേ ഏക്നാഥ് ഷിൻഡെയുടെ പേര് ഷിൻഡെ വിഭാഗം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സമീപകാലത്തൊന്നും ലഭിക്കാത്ത വലിയ സീറ്റ് നില ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് വേണമെന്ന് ബിജെപി അവകാശവാദമുന്നയിച്ചിരുന്നു. ആർഎസ്എസും ദേവേന്ദ്ര ഫട്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. അജിത് പവാറും വിട്ടുകൊടുത്തിരുന്നില്ല. ഇതോടെയാണ് തീരുമാനം പ്രധാനമന്ത്രി പറയുന്നതുപോലെയെന്നും താൻ തടസ്സമായി നിൽക്കാനില്ലെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കിയത്. ഇനി പ്രധാനമന്ത്രി ആരെ നിർദേശിക്കുമെന്ന സസ്പെൻസ് മാത്രമാണ് ബാക്കിയുള്ളത്.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ അധികാരമേൽകുമെന്നാണ് വിവരം. നിലവിലെ ഫോർമുല അനുസരിച്ച് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവും. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവും. മറ്റൊരു ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വരുമോ മകന്‍ ശ്രീനാഥ് ഷിന്‍ഡെ വരുമോ എന്നതില്‍ ഇപ്പോള്‍ ഉത്തരമായിട്ടില്ല. മഹായുതി കണ്‍വീനര്‍ സ്ഥാനം ഷിന്‍ഡെ പക്ഷത്തിന് നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തർക്കങ്ങൾ ഉടലെടുത്തുതുടങ്ങിയതോടെ സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവുമായിരുന്നു നിരീക്ഷകര്‍. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്.
Content Highlights: Parties wait for Modi's final word on Maharashtra CM post