ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയ്‌ക്കെതിരെ പള്ളി കമ്മിറ്റി സുപ്രീംകോടതിയില്‍. മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരെയാണ് ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വേയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള പ്രാദേശിക സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പള്ളി കമ്മിറ്റിയുടെ ആവശ്യം. സര്‍വേ നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.
സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ ഇരുപതിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു പൊലീസുകാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ക്കുള്ള പ്രവേശനത്തിനും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസമാണ് സിവില്‍ കോടതി അനുമതി നല്‍കിയത്. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഏഴ് ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
Content Highlights- Sambhal Jama Masjid Committee Approaches Supreme Court Against Survey Order