അദാനി വിഷയത്തിൽ പാർലമെൻ്റിൽ പ്രതിഷേധം തുടരും; തൃണമൂൽ കോൺഗ്രസിന് വിയോജിപ്പ്

സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണത്തിലൂടെ സംഭവത്തിന്റെ പിന്നിലെ വസ്തുത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ചാകും കോൺഗ്രസ് അടിയന്തരപ്രേമേയ നോട്ടീസ് നൽകുക

dot image

ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം. ഇരുസഭകളിലും വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനാണ് കോൺഗ്രസിൻ്റെ തീരുമാനം. വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണമെന്നതാണ് കോൺഗ്രസിൻ്റെ ആവശ്യം. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണത്തിലൂടെ സംഭവത്തിന്റെ പിന്നിലെ വസ്തുത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ചാകും കോൺഗ്രസ് അടിയന്തരപ്രേമേയ നോട്ടീസ് നൽകുക.

കോൺഗ്രസിന് പുറമെ സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിഷയത്തിലെ പ്രതിഷേധം പാർലമെന്റിൽ തുടരും. മറ്റു നടപടികൾ എല്ലാം നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഇന്ത്യ മുന്നണിയുടെ തന്നെ ഭാഗമായ ത്യണമൂൽ കോൺഗ്രസിന് അദാനി വിഷയത്തിൽ പാർലമെൻ്റ് തടസ്സപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പ് പ്രകടമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിഷയത്തിൽ ഉണ്ടായ പ്രതിഷേധം പാർലമെന്റ് നടപടികളെ പൂർണമായും തടസ്സപ്പെടുത്തിയിരുന്നു.

അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ പാർലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിർമ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് ലോക്സഭയിൽ ദേശീയ ദുരന്തനിവാരണ ബിൽ ഭേദഗതി ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജി സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ വാഗ്ദാനം ചെയ്യുകയും ഇതേ കുറിച്ച് തെറ്റിദ്ധരിപിച്ച് യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്നാണ് കേസ്. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അദാനി ഗ്രൂപ്പിനെതിരെ നടപടി എടുത്തത്. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ വ്യക്തമാക്കിയത്.

യു എസ് നിയമനടപടി ആരംഭിച്ചതോടെ ശ്രീലങ്ക, കെനിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിയുമായുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ഗൗതം അദാനിക്കും മറ്റ് രണ്ട് പേർക്കുമെതിരെ കൈക്കൂലിക്കേസിൽ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസിലെ നിക്ഷേപപദ്ധതികളിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറാൻ തീരുമാനിച്ചിരുന്നു. 600 മില്യൺ ഡോളറിന്റെ ബോണ്ട് സമാഹരണമാണ് അദാനി ഗ്രൂപ്പ് തത്കാലത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവർക്കെതിരെയെടുത്ത കേസിന്റെ പശ്ചാത്തലത്തിൽ എല്ലാം നിർത്തിവെക്കുകയാണെന്ന് ഗ്രൂപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Content Highlights: Protests will continue in Parliament on the Adani issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us