കരതൊട്ട് ഫിന്‍ജല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത; ചെന്നൈയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരു മരണം

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്

dot image

ചെന്നൈ: ഫിന്‍ജല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഗണേശപുരം സബ്വേ മോട്ടോര്‍ റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന്‍ (24) ആണ് മരിച്ചത്. ചെന്നൈയില്‍ മറ്റ് രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്‍ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. മീനമ്പക്കത്താണ് കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം 114.2 മില്ലിമീറ്റര്‍ മഴയാണ് റിപ്പോർട്ട് ചെയ്തത്. നുങ്കമ്പാക്കത്ത് 104.2 മില്ലിമീറ്റര്‍ മഴയും റിപ്പോര്‍ട്ട് ചെയ്തു

തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടെ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി റെഡ് അലേര്‍ട്ട് പിന്‍വലിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കന്‍ ആന്ധ്രാപ്രദേശിലും വടക്കന്‍ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Fengal cyclone reaches Tamil Nādu, heavy waterlogging, water level rises in Dams

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us