ബെംഗളൂരു : ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയിൽ നിന്നും 5.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. മീഷോയിൽ സാധനങ്ങൾ ഓർഡറുകൾ ചെയ്ത് പിന്നീട് റീഫണ്ട് ചെയ്യുന്ന തരത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് സൈബർ പൊലീസ് വ്യക്തമാക്കി.
സൂറത്തിൽ 'ഒഎം ശ്രീ എൻ്റർപ്രൈസസ്' എന്ന പേരിൽ കമ്പനി സ്ഥാപിച്ച് വ്യാജ പേരും വിലാസവും നൽകി ഓർഡറുകൾ നൽകിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വാങ്ങിയ ഉൽപ്പന്നങ്ങൾക്ക് തിരിച്ചാണ് തട്ടിപ്പ്. യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം കേടായ ഉൽപ്പന്നങ്ങൾ തിരികെ നൽകുകയും റീഫണ്ട് ക്ലെയിം ചെയ്യുന്നതുമാണ് രീതി. തെളിവായി കേടുവന്ന ഉൽപ്പന്നങ്ങളുടെ വീഡിയോകളും അവർ അയച്ചു നൽകിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.ഇത്തരത്തിൽ ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 5.5 കോടി രൂപയാണ്ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോയിൽ നിന്ന് പ്രതികൾ തട്ടിയത്.
മീഷോയുടെ നോഡൽ ഓഫീസർ ജൂലൈയിൽ സൈബർ പൊലീസിൽ പരാതി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. പണം കൈമാറാൻ പ്രതികൾ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അവർ ഉപയോഗിച്ച മൊബൈൽ നമ്പറുകളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതോടെയാണ് സൂറത്തിൽ നിന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ 2023ലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Content Highlight : E-Commerce Platform Meesho Was Defrauded Of ₹ 5 Crore By Fake Seller