ഭുവനേശ്വർ: നാടകത്തിനിടെ സ്റ്റേജിൽവെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. രാമായണം നാടകത്തിൽ അസുരന്‍റെ വേഷം ചെയ്ത നാടക നടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. സംഭവത്തിൽ അസുരന്‍റെ വേഷം ചെയ്ത 45കാരനായ ബിംബാദർ ഗൗഡയെയും സംഘാടകരിലൊരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തിങ്കളാഴ്ച നിയമസഭയിൽ ചർച്ചയാവുകയും മൃഗ സംരക്ഷണ പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ രോഷാകുലരായ മൃഗാവകാശ സംഘടനകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാമായണത്തിലെ അസുരന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ പന്നിയുടെ വയർ കീറി സ്റ്റേജിൽവെച്ചു തന്നെ ഭഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിയേറ്ററിൽ നാടകത്തിനിടെ പാമ്പുകളെയും പ്രദർശിപ്പിച്ചിരുന്നു. ഇവർക്കായി തിരച്ചില്‍ നടത്തിയെന്നും ആളുകളെ തിരയുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബെർഹാംപൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) സണ്ണി ഖോക്കർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറപ്പെടുവിച്ച മാർഗരേഖയിൽ, സർട്ടിഫൈഡ് പാമ്പ് പിടുത്തക്കാർ ഉൾപ്പെടെയുള്ളവർ പാമ്പുകളെ പൊതു ഇടങ്ങളില്‍ പ്രദർശിപ്പിക്കുന്നത് വിലക്കിയിരുന്നു.
Content Highlight : Odisha theatre actor playing demon in Ramayana kills pig on stage, eats meat raw; arrested