ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. നൈപുണ്യ വികസന കേസില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എന്‍ ചന്ദ്രബാബു നായിഡുവിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്‍ സഞ്ജയ്‌യെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന വിജിലന്‍സും ഇഡിയും പുറത്തുവിട്ട റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്നാണ് ഔദ്യോഗിക വിശദീകരണം.
2003ല്‍ ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത പ്രതികരണ-അഗ്നിസേന വിഭാഗത്തിലെ പ്രവര്‍ത്തന കാലയളവില്‍ അദ്ദേഹം നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ഉദ്ധരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വിജയവാഡയില്‍ തന്നെ തുടരണമെന്നും അന്വേഷണം അവസാനിക്കുന്നത് വരെ അവധിയെടുക്കരുതെന്നുമാണ് സര്‍ക്കാര്‍ നിലവില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
അഗ്നിസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ എന്‍ സഞ്ജയ് വെബ് പോര്‍ട്ടല്‍ നിര്‍മിക്കാനും ഹാര്‍ഡ്‌വെയറുകള്‍ വില്‍പന നടത്താനുമുള്ള ഫ്‌ളോട്ടിങ് ടെന്‍ഡറുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളിൽ ആരോപണവിധേയനാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പണമിടപാടുകള്‍ക്ക് സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്.
'1.19കോടി രൂപയോളം പണം സ്വകാര്യ സ്ഥാപനത്തിന് സഞ്ജയ് കൈമാറിയിട്ടുണ്ട്. എന്നാല്‍ വര്‍ക്ക്‌ഷോപ്പിന് 3.1ലക്ഷം രൂപ മാത്രമാണ് സ്ഥാപനം ചിലവഴിച്ചത്. ബാക്കി 1.15 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കാനായി ഹൈദരാബാദിലെ സ്വകാര്യസ്ഥാപനത്തിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. എന്നാല്‍ അന്വേഷണത്തില്‍ അത്തരത്തില്‍ ഒരു കമ്പനിയുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ പുറത്തുവിട്ട സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
Content Highlight: N Sanjay IPS, who's investigation led to Naidu's arrest, suspended