പുഷ്പ 2 കാണാൻ വന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അനുശോചനവുമായി അല്ലു അർജുൻ

ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്

dot image

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ അല്ലു അർജുൻ. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് അറിയിച്ചു.

'സന്ധ്യ തിയേറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും', അല്ലു അർജുൻ പറഞ്ഞു.

ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു രേവതി എന്ന 35 കാരി മരിച്ചത്. അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്ന മകൻ തേജിന്റെ നിര്‍ബന്ധം മൂലമാണ് അപകടത്തിൽ മരിച്ച രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയത്.

രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി.

തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും തേജും ഇതോടെ ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തേജിന്റെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതനായ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Content Highights: Allu Arjun condoles the death of the woman who came to watch Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us