ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ബിജെപി കേരളഘടകം വൈസ് പ്രഡിസൻ്റായ മേജര്‍ രവി. പശുവും ബീഫും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ നടത്തുന്ന പരാമര്‍ശങ്ങള്‍ ജനങ്ങളില്‍ തെറ്റായ സന്ദേശമാണുണ്ടാക്കുന്നത്. ആര്‍ക്കെങ്കിലും ബീഫ് കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അവര്‍ കഴിച്ചോട്ടേയെന്നും മേജര്‍ രവി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' ആദ്യം നിങ്ങള്‍ ബീഫും പശുവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കണ്ടെത്തണം. പെട്ടെന്ന് ബീഫ് നിരോധിക്കുന്നു എന്ന പറയുന്നത് സാധാരണക്കാരായ ജനങ്ങളില്‍ തെറ്റായ സന്ദേശമെത്തിക്കും. ആര്‍ക്കെങ്കിലും ബീഫ് കഴിക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് കഴിക്കാം. നമുക്ക് എന്ത് വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. ബീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എരുമകളേയും കാളകളേയുമാണ്.,' മേജര്‍ രവി പറഞ്ഞു.
കേരളത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബീഫും പോര്‍ക്കുമെല്ലാം വാങ്ങിക്കാം. പശുക്കള്‍ക്ക് ഹൈന്ദവ വിശ്വാസപ്രകാരം ചില സ്ഥാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പശുക്കളെ ഞങ്ങള്‍ ആരാധിക്കുന്നുണ്ട്. പക്ഷേ പശുക്കളെ കശാപ്പ് ചെയ്യുന്ന ഒരു സ്ഥലവും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അസമില്‍ ബീഫ് വില്‍ക്കുന്നതിനും പാകം ചെയ്യുന്നതിനുമുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ക്ഷേത്രങ്ങളുടെ അഞ്ച് മീറ്റര്‍ പരിധിയില്‍ ബീഫ് വില്‍പനയ്ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് സംസ്ഥാന വ്യാപകമാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഹോട്ടലുകളിലോ വിവാഹങ്ങളുള്‍പ്പെടെയുള്ള പരിപാടികളിലോ ബീഫ് വിളമ്പുന്നതിനും, കടകളില്‍ ബീഫ് വില്‍ക്കുന്നതിനും വിലക്കര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Kerala BJP Vice president Major Ravi criticizes Assam's beef ban, says let those who need eat