മുംബൈ: ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പെട്ടെന്ന് വികാരാധീനനാകുന്ന പ്രകൃതക്കാരനെന്നും അജിത് പവാർ പ്രായോഗിക രാഷ്ട്രീയത്തിന്റെ ആളാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സിഎൻഎൻ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സഹപ്രവർത്തകരെക്കുറിച്ച് ഫഡ്‌നാവിസ് മനസ് തുറന്നത്.
'എനിക്ക് രണ്ട് പേരുമായും നല്ല ബന്ധമാണുള്ളത്. രണ്ടര വർഷം ഞാൻ ഇരുവരുമായും ചേർന്ന് പ്രവർത്തിച്ചു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഷിൻഡെ പെട്ടെന്ന് വികാരാധീനനാകുന്ന ഒരു പ്രകൃതക്കാരനാണ്. അജിത് ദാദ ആകട്ടെ ഒരു പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവും'; ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി പദവി ആർക്കെന്ന കാര്യം തീരുമാനിക്കുന്നതിൽ വല്ലാതെ സമയമെടുത്തിട്ടില്ല എന്നും ഫഡ്‌നാവിസ് പറഞ്ഞു. ഏക്നാഥ് ഷിൻഡെയ്ക്ക് ഒരുകാര്യത്തിലും ദേഷ്യമോ പരിഭവമോ ഉണ്ടായിട്ടില്ല. കോർഡിനേഷൻ കമ്മിറ്റി ചെയർമാനായി ഷിൻഡെയെ നിയമിക്കണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയിലെ ചിലർ ആവശ്യപ്പെട്ടിരുന്നു. അല്ലാതെ ദേഷ്യമോ തർക്കമോ ഒന്നുമില്ല. കൂടുതൽ എംഎൽഎമാർ ബിജെപിയിൽ നിന്നായതുകൊണ്ടുതന്നെ മുഖ്യമന്ത്രിയും ബിജെപിയിൽ നിന്ന് വേണമെന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞത് എന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കാനായി ഷിൻഡെയെ നിർബന്ധിക്കേണ്ടി വന്നുവെന്നും ഫഡ്‌നാവിസ് സൂചന നൽകുന്നുണ്ട്. ഒരു പാർട്ടിയുടെ നേതാവ് തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്തുനിന്നാൽ, പാർട്ടി ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല എന്ന് ഷിൻഡെയെ താൻ പറഞ്ഞുമനസിലാക്കി എന്ന് ഫഡ്‌നാവിസ് പറയുന്നു. മന്ത്രിപദവികൾ ആർക്കൊക്കെ എന്ന കാര്യം തങ്ങൾ മൂവരും ഒരുമിച്ച് തീരുമാനിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഡിസംബർ അഞ്ചിനാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏക്നാഥ് ഷിൻഡെയും അധികാരമേറ്റെടുത്തത്. വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ചയും പിന്നിട്ടതിന് ശേഷമായിരുന്നു മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ സാധിച്ചത്.. അവസാന നിമിഷമാണ് ഫഡ്നാവിസിനെ ഔദ്യോഗികമായി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതും ഷിൻഡെയെ മയപ്പെടുത്തിയതും.
വലിയ ആഘോഷപരിപാടികളായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ സിങ് തുടങ്ങിയവരും സത്യാപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
Content Highlights: Fadnavis on Eknath Shinde and Ajit Pawar