കോച്ചിങ് സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം; ബെൽറ്റ് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അടിയേറ്റ് വിദ്യാർത്ഥി കരയുന്നതും തടയാൻ നോക്കുന്നതും വീഡിയോയിൽ കാണാം

dot image

അമരാവതി : ആന്ധ്രാപ്രദേശിൽ സ്വകാര്യ കോച്ചിങ് സെന്റർ സ്ഥാപകൻ വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. 'ഇന്ത്യൻ ആർമി കോളിങ്' എന്ന പരിശീലന സ്ഥാപനത്തിന്റെ സ്ഥാപകൻ ബാസവ വെങ്കട രമണ ബെൽറ്റ് ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അടിയേറ്റ് വിദ്യാർത്ഥി കരയുന്നതും തടയാൻ നോക്കുന്നതും വീഡിയോയിൽ കാണാം. കറുത്ത ടീഷർട്ട് ധരിച്ച മറ്റൊരാൾ വിദ്യാർത്ഥിക്ക് പിന്നിൽ നിന്ന് മർദനം നോക്കി നിൽക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികൾ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ദൃശ്യങ്ങൾ ഇപ്പോളാണ് പുറത്തുവരുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ മകനും മാനവവിഭവശേഷി മന്ത്രിയുമായ നരാ ലോകേഷ് വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്ത് കാരണമായാലും, ഇത്തരം ആക്രമണങ്ങൾ അനാവശ്യമാണെന്ന് നരാ ലോകേഷ് പറഞ്ഞു. ബന്ധപ്പെട്ടവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ നേവിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ഈ സ്ഥാപനം വാങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടിയായ വൈഎസ്ആർസിപി ആരോപിച്ചു. സ്ഥാപന ഉടമ ബാസവ വെങ്കട രമണ കേന്ദ്രമന്ത്രി റാംമോഹൻ നായിഡുവിന്റെ അനുയായിയാണ്. സ്ത്രീകളുടെ മുറിയിൽ ക്യാമറ വെച്ചതുൾപ്പടെ മറ്റ് ആരോപണങ്ങളും ഇയാൾക്കെതിരെയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Content Highlight : Video Shows Coaching Centre Founder Beating Student, Andhra Minister Responds

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us