ബെംഗളൂരു: സൈക്കിളിങ് മത്സരത്തിനിടെ കാർ ഇടിച്ചു തെറിപ്പിച്ച് ഗുരുതര പരിക്കുകളോടെ ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുകയാണ് അങ്കമാലി സ്വദേശിയായ റോണി ജോസ്. റോണി ജോസിനെ ഇടിച്ചു തെറിപ്പിച്ച കാറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടും പ്രതിയേയും കാറിനേയും കണ്ടെത്താതെ ഉരുണ്ടു കളിക്കുകയാണ് കർണാടക പൊലീസ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ഒക്ടോബറിൽ ചിത്രദുർഗ്ഗയിൽ വെച്ചായിരുന്നു ചുവന്ന നിറത്തിലുളള സ്വിഫ്റ്റ് കാർ റോണിയെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരുവിൽ വൈറ്റ് ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൂബ്ലി സൈക്കിളിങ് ക്ലബ് സംഘടിപ്പിച്ച1000 കിലോമീറ്റർ സൈക്കിളിങ് മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയതായിരുന്നു റോണി ജോസ്. ഹുബ്ബള്ളി-ദാവൻഗെരെ-തുംകൂർ-മൈസൂർ ദേശീയ പാതയായിരുന്നു മത്സരത്തിന് നിശ്ചയിച്ച റൂട്ട്. റോണി ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഒക്ടോബർ 17ന് 205 കിലോമീറ്റർ താണ്ടി വൈകിട്ട് 3.45 ഓടെ ദാവങ്കരയിലെ ഗോനൊരു പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു അപകടം. പിന്നിൽ നിന്ന് ചീറി പാഞ്ഞെത്തിയ കാർ സൈക്കിൾ ലൈനിലൂടെ സഞ്ചരിച്ച റോണിയെ ഇടിച്ചിട്ട ശേഷം കടന്നു പോകുകയായിരുന്നു.
മസിൽ തകരുകയും ഞരമ്പുകൾക്ക് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തതോടെ റോണിക്ക് വലതു കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. നാലു ശസ്ത്രക്രിയകൾക്കൊടുവിൽ ദിവസങ്ങളെടുത്താണ് വാക്കറിന്റെ സഹായത്തോടെയെങ്കിലും ഇദ്ദേഹത്തിന് നിവർന്നു നിൽക്കാനായത്. പക്ഷെ കാലിന്റെ പെരുവിരൽ ഉൾപ്പടെ ഇപ്പോഴും ചലിക്കാത്ത അവസ്ഥയിലാണ്. ഫിസിയോ തെറാപ്പിയിലൂടെ ഇത് നേരെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇടിച്ചിട്ട കാറിന്റെ നിറവും മോഡലും ഉൾപ്പടെ തെളിവ് സഹിതം പരാതി നൽകിയിട്ടും കർണാടക പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് റോണിയുടെ പരാതി. ആ സമയം റോഡിലൂടെ കടന്നു പോയ വാഹനങ്ങളുടെ ടോൾ ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയായിരുന്നു ചിത്ര ദുർഗ്ഗ പൊലീസിന് പരാതി നൽകിയത്. എന്നാൽ ഇടിച്ചിട്ട കാർ താൻ തിരിച്ചറിഞ്ഞതോടെ കേസിൽ പൊലീസ് നിസഹകരണം തുടങ്ങിയെന്നും റോണി ആരോപിക്കുന്നു.
എറണാകുളത്ത് ഐ ടി ജീവനക്കാരനായ റോണി ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ്. വൈറ്റ് ഫീൽഡിൽ ആശുപത്രിക്ക് സമീപം വീട് വാടകക്ക് എടുത്താണ് ചികിത്സ. ഏകദേശം 10 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടും പരിക്കു പൂർണമായി ഭേദമായിട്ടില്ല. അശ്രദ്ധമായി വാഹനമോടിച്ച് തൻ്റെ ജീവിതം ഈ വിധമാക്കിയ ആ അജ്ഞാതനായ കാർ ഡ്രൈവറെ എത്ര കാലം കർണാടക പൊലീസ് അജ്ഞാതനായി തുടരാൻ അനുവദിക്കുമെന്നാണ് റോണിയുടെയും കുടുംബത്തിന്റെയും ചോദ്യം .