ന്യൂഡൽഹി: തനിക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തിൽ പൊട്ടിത്തെറിച്ച് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ. താൻ കർഷകന്റെ മകനാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാൻ തയ്യാറാണെന്നും ജഗദീപ് ധൻകർ പ്രതിപക്ഷത്തിന് മറുപടി നൽകി. തുടർന്ന് മല്ലികാർജുൻ ഖർഗെയുമായി ധൻകർ വാക്‌പോരിലേർപ്പെട്ടു.
പ്രതിപക്ഷത്തിനായി പ്രമോദ് തിവാരി സംസാരിച്ചപ്പോൾ ധൻകറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇതിന് മറുപടി പറയവെയാണ് ധൻകർ പൊട്ടിത്തെറിച്ചത്. തുടർന്ന് വികാരാധീനനാകുകയും ചെയ്തു. പ്രതിപക്ഷം തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നും ഭരണഘടനയെ ഇകഴ്ത്തിക്കാട്ടുന്നുവെന്നും ധൻകർ പറഞ്ഞു. താൻ ഒരു കർഷകൻ്റെ മകനാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാൻ പോലും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനും കർഷകൻ്റെ മകനാണ് എന്നാണ് ധൻകറിന് മറുപടിയായി മറുപടിയായി മല്ലികാർജുൻ ഖർഗെ പറഞ്ഞത്. സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ ആക്രമിക്കാൻ ഭരണപക്ഷത്തെ രാജ്യസഭാ ചെയർമാൻ പ്രോത്സാഹിപ്പിക്കുകയാണ്. ബിജെപി അംഗങ്ങൾ തന്നെ ആക്രമിച്ചപ്പോൾ രാജ്യസഭാ ചെയർമാൻ നിശബ്ദത പാലിച്ചുവെന്നും ഖർഗെ കുറ്റപ്പെടുത്തി.
തുടർന്നും ധൻകർ പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. സഭാധ്യക്ഷനെതിരെ പ്രമേയം കൊണ്ടുവരുമ്പോൾ ചട്ടങ്ങൾ കൃത്യമായി പഠിക്കണമെന്നും പ്രമേയം കൊണ്ടുവരണമെങ്കിൽ 14 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണമെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. തുടർന്ന് മല്ലികാർജുൻ ഖർഗയെ ചേമ്പറിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ജഗദീപ് ധൻകറിനെതിരെ ഇൻഡ്യ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ധൻകർ പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വെക്കുകയാണെന്നും, ഭരണപക്ഷത്തിന് വേണ്ടി അദ്ദേഹം അകമഴിഞ്ഞ് പ്രവർത്തിക്കുകയാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. വേദനാജനകമായ തീരുമാനമെന്ന് വിശഷിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഈ വിഷയത്തിലായിരുന്നു ഇന്ന് ഖർഗെ- ധൻകർ തർക്കം ഉണ്ടായത്.
Content Highlights: Jagdheep Dhankar emotional at Rajyasabha