ബെംഗളൂരു: ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ, യുപിയിലെ ഭാര്യ വീട്ടിലെത്തിയ പൊലീസിന് അവിടെ ആരെയും കണ്ടെത്താനായില്ല. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞ ഭാര്യാമാതാവും യുവതിയുടെ സഹോദരനും പൊലീസ് എത്തുംമുമ്പേ വീട്ടിൽനിന്ന് 'മുങ്ങി'.
ബുധനാഴ്ച രാത്രിയോടെയാണ് ഇരുവരും വീട് വിട്ട് പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വീടിന് മുൻപിൽ റിപ്പോർട്ടർമാർ അടക്കം ക്യാമ്പ് ചെയ്തിരുന്ന സമയത്താണ് ആളുകളുടെ കണ്മുന്നിലൂടെ ഇവർ കടന്ന് കളഞ്ഞത്. റിപ്പോർട്ടർമാർ എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് വയ്യ എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നുമായിരുന്നു സഹോദരന്റെ മറുപടി. വീട് പൂട്ടിയിട്ടാണ് ഇരുവരും പോയത്. പൊലീസ് ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
VIDEO | Bengaluru techie death case: Visuals from outside the residence of in-laws of Atul Subhash in Jaunpur, Uttar Pradesh.
— Press Trust of India (@PTI_News) December 11, 2024
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/JGHuYuzCdF
അതേസമയം, കേസ് അവസാനിപ്പിക്കാൻ സമ്മർദ്ദമുണ്ടായെന്നും ജഡ്ജി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആരോപിച്ച് മരിച്ച ടെക്കി അതുൽ സുഭാഷിന്റെ പിതാവ് രംഗത്തെത്തി. മധ്യസ്ഥം വഹിക്കാമെന്നും കേസ് നീട്ടികൊണ്ടുപോകേണ്ടെന്നും പറഞ്ഞാണ് ജഡ്ജി ഈ പണം ആവശ്യപ്പെട്ടതെന്നും പിതാവ് പറഞ്ഞു.
ഭാര്യയുടെ കുടുംബം നിരവധി കേസുകൾ കൊടുത്തിരുന്നതിനാൽ അതുൽ മാനസികമായി ആകെ തകർന്നിരിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. 2021 മുതൽക്കാണ് മകനെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടത്. മകൻ ഈ സിസ്റ്റത്തിൽ ആകെ അഴിമതിയാണെന്നും താൻ ഒറ്റയ്ക്ക് പോരാടുമെന്നും എപ്പോഴും തന്നോട് പറയുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.
അതേസമയം, ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ പൊലീസിന് നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022 ഏപ്രിൽ 24-ന് ഉത്തർപ്രദേശിലെ ജൗൻപൂരിൽ സമർപ്പിച്ച പരാതിയിൽ, അതുൽ സുഭാഷ് തന്നെ മർദ്ദിക്കാറുണ്ടെന്നും മൃഗത്തെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നുമാണ് ഭാര്യ നികിത സിംഘാനിയ ആരോപിക്കുന്നത്.
സ്ത്രീധനത്തിൻറെ പേരിൽ തന്നെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും പരാതിയിൽ പ്രതികളായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.
Content Highlights: Wifes mother and sister absconded at Athul Subash Death Case