ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിർദേശിച്ചത്.
ഡിസംബര്‍ പത്തിന് യാദവ് നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു ശേഖര്‍കുമാറിന്റെ വിദ്വേഷ പരാമര്‍ശം. ഡിസംബര്‍ 13ന് 55 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
2026ല്‍ വിരമിക്കാനിരിക്കെയാണ് ശേഖര്‍ കുമാര്‍ യാദവ് വിവാദത്തിലായത്. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശം. ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. 'വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും-കാരണങ്ങളും പ്രതിരോധവും' എന്ന വിഷയത്തില്‍ വിഎച്ച്പി പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു.
തന്റെ പ്രസംഗത്തിലുടനീളം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യതകളെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പ്രതിപാദിച്ചത്. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണെന്ന് ശേഖര്‍ കുമാര്‍ യാദവ് അഭിപ്രായപ്പെട്ടു. നീതിയിലും സമത്വത്തിലും ഊന്നിയുള്ളതാണ് ഏക സിവില്‍ കോഡ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുന്നു. നിയമത്തില്‍ ഐക്യം പുലരുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
തന്റെ വിധി പ്രസ്താവനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലായിരുന്നു ഈ പരാമര്‍ശമുണ്ടായിരുന്നത്.
Content Highlight: Allahabad HC judge is called by SC Collegium for meeting