മുംബൈ: വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ജഡ്ജിയെ പിന്തുണച്ച യോഗി, ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസ് നീക്കത്തെ വിമർശിക്കുകയും ചെയ്തു.
സത്യം പറഞ്ഞതിനാണ് ജഡ്ജിയെ പ്രതിപക്ഷം ഇംപീച്ച് ചെയ്യുന്നത് എന്നായിരുന്നു യോഗിയുടെ പ്രതികരണം. 'പ്രതിപക്ഷം എപ്പോഴും ഭരണഘടനയെക്കുറിച്ച് പറയുന്നവരാണ്. എന്നാൽ അവരുടെ ഇരട്ടത്താപ്പ് നോക്കൂ. ജഡ്ജി പറഞ്ഞത് യൂണിഫോം സിവിൽ കോഡ് വേണമെന്നും, ഭൂരിപക്ഷത്തിന്റെ അഭിപ്രായം പ്രകാരം കാര്യങ്ങൾ നടക്കണമെന്നുമാണ്. ലോകത്തെങ്ങും ഭൂരിപക്ഷത്തിന്റെ അഭിപ്രായം പ്രകാരമല്ലേ കാര്യങ്ങൾ നടക്കുന്നത്. പക്ഷെ ഇന്ത്യയിൽ മാത്രം ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള വ്യത്യാസം പാടില്ലത്രേ.രാജ്യത്ത് ഏക സിവിൽ കോഡ് വേണം'; എന്നാണ് യോഗി പറഞ്ഞത്.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനോട് കൊളീജിയം മുൻപാകെ ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിർദേശിച്ചത്.
ഡിസംബര്‍ പത്തിന് യാദവ് നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു ശേഖര്‍കുമാറിന്റെ വിദ്വേഷ പരാമര്‍ശം. ഡിസംബര്‍ 13ന് 55 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. 'വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും-കാരണങ്ങളും പ്രതിരോധവും' എന്ന വിഷയത്തില്‍ വിഎച്ച്പി പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു. തന്റെ പ്രസംഗത്തിലുടനീളം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യതകളെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞത്. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണെന്ന് ശേഖര്‍ കുമാര്‍ യാദവ് അഭിപ്രായപ്പെട്ടു. നീതിയിലും സമത്വത്തിലും ഊന്നിയുള്ളതാണ് ഏക സിവില്‍ കോഡ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുന്നു. നിയമത്തില്‍ ഐക്യം പുലരുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
Content Highlights: Yogi Adityanath backs Allahabad Highcourt Judge