ഹൈദരാബാദ്: ഓട്ടോ ഡ്രൈവർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓട്ടോറിക്ഷയിൽ നിയമസഭയിലെത്തി തെലങ്കാനയിലെ ബിആർഎസ് എംഎൽഎമാർ . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഓട്ടോ ഡ്രൈവർമാർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി രേവന്ത് റെഡ്ഡി സർക്കാർ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ സൂചകമായുളള ഓട്ടോ യാത്ര.
സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്തെ 93 ഓട്ടോ ഡ്രൈവർമാർ ഇതുവരെ ആത്മഹത്യ ചെയ്തെന്ന് ബിആർഎസ് എംഎൽഎമാർ പറഞ്ഞു. കണക്കുകൾ സഹിതം ബിആർഎസ് രേഖാമൂലം ഇക്കാര്യം നിയമസഭയെയും അറിയിച്ചിട്ടിട്ടുണ്ട്. ബിആർഎസ് വർക്കിങ് പ്രസിഡൻ്റ് കെ ടി രാമറാവുവിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ഓട്ടോ യാത്ര.
കഴിഞ്ഞ ദിവസം നിയമസഭയിലും ഉപരിസഭയിലും ബിആർഎസ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിവർഷം 12,000 രൂപ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ധനസഹായം നൽകുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാഗ്ദാനം.
Content Highlights: BRS MLAs arrived at the Telangana Assembly in an autorickshaw