ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കി അതുൽ സുബാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതികളായ അതുലിൻ്റെ ഭാര്യയെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. അതുലിൻ്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ഭാര്യ നികിത ചോദ്യം ചെയ്യലിൽ പറഞ്ഞു. അതുലാണ് തന്നെ ഉപദ്രവിച്ചതെന്നും മൂന്നു വർഷമായി താൻ പിരിഞ്ഞ് താമസിക്കുകയാണെന്നും നികിത പറഞ്ഞു. പണത്തിന് ശല്യപ്പെടുത്താനാണെങ്കിൽ താനെന്തിനാണ് മാറി താമസിക്കുന്നതെന്നും നികിത അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചു.
ടെക്കിയുടെ ആത്മഹത്യയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർ പ്രദേശിൽ വെച്ചായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിഖിത, അമ്മ നിഷ, സഹോദരൻ സുശീൽ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയോടെ ഭാര്യാമാതാവും യുവതിയുടെ സഹോദരനും ഒളിവില്‍ പോയിരുന്നു. വീടിന് മുൻപിൽ റിപ്പോർട്ടർമാർ അടക്കം ക്യാമ്പ് ചെയ്തിരുന്ന സമയത്താണ് ആളുകളുടെ മുന്നിലൂടെ ഇവർ കടന്ന് കളഞ്ഞത്. റിപ്പോർട്ടർമാർ എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് വയ്യ എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നുമായിരുന്നു സഹോദരന്റെ മറുപടി. വീട് പൂട്ടിയിട്ടാണ് ഇരുവരും പോയത്.
നിഖിതക്കും കുടുംബത്തിനും എതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
content highlight- Techie's death in Bengaluru: Wife Nikita says that Atul was the one who abused her