കയ്യാങ്കളിയിൽ പരിക്കേറ്റ ബിജെപി എംപിമാരെ ഫോണിൽ വിളിച്ച് മോദി; തനിക്കും പരിക്ക് പറ്റിയെന്ന് ഖർഗെ

തനിക്കെതിരെ നടന്നത് വ്യക്തിപരമായ ആക്രമണമാണെന്നും രാഹുലിനെയും ആക്രമിക്കാൻ ശ്രമിച്ചെന്നും ഖർഗെ

dot image

ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിൽ പരിക്കേറ്റ ബിജെപി എംപിമാരായ പ്രതാപ് സാരംഗിയെയും മുകേഷ് രാജ്പുതിനെയും ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിലുള്ള ഇരുവരുടെയും ആരോഗ്യനില അറിയാനായാണ് മോദി വിളിച്ചത്.

ഒഡീഷയിലെ ബാലസോറിൽ നിന്നുള്ള എംപിയാണ് പ്രതാപ് സാരംഗി. 69 വയസായ സാരംഗിക്ക് നെറ്റിയിലാണ് പരിക്കേറ്റത്. മുകേഷ് രാജ്പുത് കയ്യാങ്കളിക്കിടയിൽ ബോധരഹിതനാകുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

അതിനിടെ തനിക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രംഗത്തെത്തി. തനിക്കെതിരെ നടന്നത് വ്യക്തിപരമായ ആക്രമണമാണെന്നും രാഹുലിനെയും ആക്രമിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ' മകർ ദ്വാജിലെത്തിയപ്പോൾ ബിജെപി എംപിമാർ എന്നെ പിടിച്ചു തള്ളി. ശസ്ത്രക്രിയ കഴിഞ്ഞ മുട്ടിനാണ് പരിക്കേറ്റത്. കോൺഗ്രസ് എംപിമാർ ഉടൻതന്നെ എനിക്ക് ഇരിക്കാനായി കസേര കൊണ്ടുവരികയും എന്നെ അവിടുന്ന് മാറ്റുകയും ചെയ്തു', ഖർഗെ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നത്. ഭരണ, പ്രതിപക്ഷ എംപിമാർ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

പാർലമെന്റിൽ അംബേദ്കർ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രാഹുൽ ഗാന്ധി പതിവ് വെള്ള ഷർട്ട് ഉപേക്ഷിച്ച് നീല ഷർട്ട് ധരിച്ചുകൊണ്ടാണ് എത്തിയത്. ഇതിനിടെ കോൺഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാർലമെന്റിന് മുന്നിൽ പ്രതിഷേധം അഴിച്ചുവിട്ടു. ഇവർ മുഖാമുഖം വന്നതോടെയാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.

Content Highlights: Modi dials injured bjp MP's in parliament clash

dot image
To advertise here,contact us
dot image