ലഖ്‌നൗ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെക്കുറിച്ചും പിന്മുറക്കാരെക്കുറിച്ചും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. കൊല്‍ക്കത്തയ്ക്ക് അടുത്ത് ജീവിക്കുന്ന ഔറംഗസേബിൻ്റെ പിന്മുറക്കാര്‍ റിക്ഷ വലിച്ചാണ് ഇന്ന് ജീവിതമാര്‍ഗം കണ്ടെത്തുന്നതെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. 'കാലത്തിന്റെ കാവ്യനീതി' എന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
'ഔറംഗാസേബിന്റെ പിന്മുറക്കാര്‍ ഇന്ന് കൊല്‍ക്കത്തയ്ക്ക് അടുത്ത് ജീവിക്കുന്നുണ്ടെന്നും റിക്ഷവലിച്ചാണ് ജീവിതമാര്‍ഗം കണ്ടെത്തുന്നതെന്നും ചിലര്‍ എന്നോട് പറയുകയുണ്ടായി. ക്ഷേത്രങ്ങളും വിശുദ്ധ സ്ഥലങ്ങളും തകര്‍ക്കുന്നതിലേക്കും ദൈവീകതയെ നിന്ദിക്കുന്നതിലേക്കും ഔറംഗാസേബ് പോകാതിരുന്നെങ്കില്‍ പിന്മുറക്കാര്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നു', എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലോകം ഒരു കുടുംബമാണെന്ന ആശയം ഋഷിമാർ വിഭാവനം ചെയ്തിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അഭയം നല്‍കിയ മതമാണ് സനാതന്‍ ധര്‍മ്മ. എന്നാല്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചുലഭിച്ചത് ഈ പെരുമാറ്റം ആയിരുന്നില്ല. ബംഗ്ലാദേശിലും അതിന് മുമ്പ് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാന്‍ സംഭവിച്ചത് ഹിന്ദുക്കള്‍ നേരിട്ട വെല്ലുവിളിയുടെ സാക്ഷ്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Content Highlights: Aurangzeb's descendants are now rickshaw pullers, claims Yogi Adityanath